തിരുവനന്തപുരം: ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറായി പ്രഫ. ഖാദർ മൊയ്തീനെയും ജനറൽ സെക്രട്ടറിയായി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെയും വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന പാർട്ടി ദേശീയ ജനറൽ കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പിയെ ഒാർഗനൈസിങ് സെക്രട്ടറിയായും പി.വി. അബ്ദുൽ വഹാബ് എം.പിയെ ട്രഷററായും തെരഞ്ഞെടുത്തു.
അഡ്വ. ഇഖ്ബാൽ അഹമ്മദ് (ഉത്തർപ്രദേശ്), ദസ്തഖീർ ഇബ്രാഹിം ആഗ (കർണാടക) എന്നിവരാണ് വൈസ് പ്രസിഡൻറുമാർ. അബ്ദുസ്സമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, ഷഹൻഷാ ജഹാംഗീർ (പശ്ചിമ ബംഗാൾ), എസ്. നയീം അക്തർ(ബിഹാർ), ഖുറം എ. ഉമർ (ഡൽഹി) എന്നിവർ സെക്രട്ടറിമാരാണ്. എച്ച്. അബ്ദുൽ ബാസിത് (തമിഴ്നാട്), കൗസർ ഹയാത് ഖാൻ (ഉത്തർപ്രദേശ്) എന്നിവർ അസി. സെക്രട്ടറിമാർ ആയിരിക്കും.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ദേശീയരാഷ്ട്രീയ കാര്യ സമിതി അധ്യക്ഷനായും തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറായിരുന്ന ഇ. അഹമ്മദിെൻറ മരണത്തെ തുടർന്ന് ദേശീയ എക്സിക്യൂട്ടിവ് ചേർന്ന് കമ്മിറ്റി താൽക്കാലികമായി പുനഃസംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം ആദ്യമായാണ് ദേശീയ ജനറൽ കൗൺസിൽ ചേർന്ന് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നത്.
പാർട്ടിയുടെ പുതിയ പോഷക ഘടകങ്ങളായി ഒാൾ ഇന്ത്യ ഫാർമേഴ്സ് ഫോറം, ഒാൾ ഇന്ത്യ പ്രഫഷനൽ ഫോറം, ഒാൾ ഇന്ത്യ മുസ്ലിം കൾച്ചർ സെൻറർ എന്നിവ രൂപവത്കരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. നിലവിൽ യൂത്ത്ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ്, എസ്.ടി.യു എന്നിവയാണ് പാർട്ടിയുടെ പോഷക ഘടകങ്ങൾ. കർഷകർക്കു വേണ്ടിയാണ് ഫാർമേഴ്സ് ഫോറം രൂപവത്കരിക്കുന്നത്. പ്രഫഷനൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായിരിക്കും പ്രഫഷനൽ ഫോറം. രാജ്യത്തിനു പുറത്ത് പ്രവർത്തിക്കുന്നവർക്കായുള്ള കേരള മുസ്ലിം കൾച്ചർ സെൻററിെൻറ പ്രവർത്തനം ദേശീയതലത്തിൽ വ്യാപിപ്പിക്കുന്നതിനായാണ് ഒാൾ ഇന്ത്യ മുസ്ലിം കൾച്ചർ സെൻറർ രൂപവത്കരിക്കുന്നതെന്ന് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീനും ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു. പാർട്ടിക്ക് ഡൽഹിയിൽ ആസ്ഥാനം പണിയാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.