മുസ്‍ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന്; കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല പരാമർശം ചർച്ചയാകും

മലപ്പുറം: കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവന കത്തിനിൽക്കുന്നതിനിടെ മുസ്‍ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന്. മലപ്പുറത്ത് ചേരുന്ന യോഗത്തിൽ വിഷയം ചർച്ചയാകും. കെ.പി.സി.സി പ്രസിഡന്റിന്റെ തുടർച്ചയായ ആർ.എസ്.എസ് അനുകൂല പ്രസ്താവനയിൽ ലീഗ് നേതൃത്വം അസ്വസ്ഥരാണ്. പ്രസ്താവനക്കെതിരെ പല നേതാക്കളും പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ലീഗ് നേതൃത്വവുമായി വിഷയം ചർച്ച ചെയ്തതായും സൂചനയുണ്ട്.

യു.ഡി.എഫിൽ കൂടിയാലോചനയില്ലാതെയാണ് മുന്നണിയുടേതായി നിലപാടുകളും തീരുമാനങ്ങളും കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിക്കുന്നതെന്ന വിമർശനവും ലീഗ് നേതാക്കൾക്കുണ്ട്. ഈ വിഷയമുൾപ്പെടെയുള്ളവ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലാണ് പാർട്ടി മെമ്പർഷിപ്പ് കാമ്പയിൻ വിലയിരുത്തൽ പ്രധാന അജണ്ടയായി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നത്.

ആർ.എസ്.എസുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ പരാമർശം യു.ഡി.എഫിന് ഡാമേജുണ്ടാക്കിയതായി മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. അനവസരത്തിലുള്ള പ്രസ്താവനകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും മുസ്‍ലിം ലീഗിനുള്ള അഭിപ്രായങ്ങൾ പറയേണ്ട വേദികളിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ പരാമർശത്തിനെതിരെ എം.കെ. മുനീർ അടക്കമുള്ള നേതാക്കളും ശക്തമായി രംഗത്തെത്തിയിരുന്നു. ചരി​ത്രം മുഴുവൻ വായിക്കാതെയാണ് കെ.പി.സി.സി പ്രസിഡന്റ് വിവാദ പ്രസ്താവനകൾ നടത്തുന്ന​തെന്നായിരുന്നു മുനീറിന്റെ വിമർശനം. സുധാകരനിൽ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ പലരെയും പ്രകോപിപ്പിക്കുന്നതും ഫാഷിസ്റ്റ് ശക്തികൾക്ക് സന്തോഷം പകരുന്നതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് തുടർച്ചയായി സംഭവിക്കുന്ന നാക്കുപിഴകൾ കോൺ​ഗ്രസ് ഹൈകമാൻഡ് ​ഗൗരവമായി കാണണമെന്ന് മുസ്‍ലിം ലീ​ഗ് നിയമസഭ ചീഫ് വിപ്പും എം.എൽ.എയുമായ പി.കെ. ബഷീർ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ തുടർച്ചയായ ആർ.എസ്എസ് അനുകൂല പ്രസ്താവനകൾ കേവലം നാക്കുപിഴയായി മാത്രം യു.ഡി.എഫ് അണികൾക്ക് കാണാനാകില്ലെന്നും യു.ഡി.എഫ് മൂല്യത്തിന് വിരുദ്ധമായ പ്രസ്താവനകൾ സഖ്യകക്ഷികളെയും അവരെ പിന്തുണക്കുന്ന ലക്ഷക്കണക്കിന് മതേതര വിശ്വാസികളെയും വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

മുസ്‍ലിം ലീഗ് കണ്ണൂർ ജില്ല ജന. സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. അനവസരത്തിലും അനാവശ്യവുമായ പ്രതികരണങ്ങളിലൂടെ സുധാകരൻ സൃഷ്ടിക്കുന്ന വിവാദങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശങ്കയും സംശയങ്ങളും തിരിച്ചറിയാൻ കഴിയാത്തയാളല്ല അദ്ദേഹമെന്നായിരുന്നു വിമർശനം. പാർട്ടിയെയും തങ്ങളുടെ സഹയാത്രികരെയും കുത്തി നോവിക്കാൻ രാഷ്ട്രീയ ശത്രുക്കൾക്ക് വടി കൊടുക്കുന്നത് എന്തിന്റെ പേരിലായാലും നല്ലതല്ലെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Muslim League state office bearer meeting today; K. Sudhakaran's pro-RSS statement will be discussed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.