‘സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024’; എല്ലാവരും പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്ന് വീണ ജോർജ്

തിരുവനന്തപുരം: എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്ന് മന്ത്രി വീണ ജോർജ്. ഓരോരുത്തരും ഇതിന്റെ അംബാസഡർമാരാകണമെന്നും മന്ത്രി പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ കാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

വളരെ പ്രധാനപ്പെട്ട ഒരു കാമ്പയിനിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രസക്തിയുണ്ട്. ജലജന്യ രോഗങ്ങൾ വർധിക്കുന്ന ഒരു കാലയളവാണിത്. നമ്മുടെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ജല ശുചിത്വം എന്നിവ വളരെ പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം കൂടി കഴിക്കുന്നു എന്നുള്ളത് ഉറപ്പാക്കേണ്ടതാണ്. ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വയറിളക്കം ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിർജലീകരണം സംഭവിച്ച് മരണം തന്നെ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. അതിനെ അതിജീവിക്കുന്നതിന് കൃത്യമായി രോഗിയ്ക്ക് ഒ.ആർ.എസ് നൽകേണ്ടത് അനിവാര്യമാണ്.

ജൂലൈ 29നാണ് ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുന്നത്. ഈ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് ആരോഗ്യ വകുപ്പ് വലിയൊരു കാമ്പയിന് തുടക്കമിട്ടത് -’സ്റ്റോപ്പ് ഡയേറിയ കാമ്പയിൻ 2024’. ഈ വലിയ ജനകീയ പ്രചാരണ പരിപാടിയിലൂടെ വയറിളക്ക രോഗങ്ങളുടെ രോഗപ്രതിരോധം, നിയന്ത്രണം, ഒപ്പം ബോധവൽക്കരണം എന്നിവയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.

ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു കെ. വിശിഷ്ടാതിഥിയായി. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി.മീനാക്ഷി സ്വാഗതവും സ്റ്റേറ്റ് ഒ.ആർ.ടി. ഓഫീസർ ഡോ. ബിനോയ് എസ്. ബാബു നന്ദിയും പറഞ്ഞു. 

Tags:    
News Summary - Stop Diarrhea Campaign 2024, Veena George urged everyone to be a part of the campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.