കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ആരോപണമുള്ള സമസ്ത നേതാക്കളെ നേരിടാനുറച്ച് ലീഗ് നേതൃത്വം. ഇവരോട് തുടർന്നുവന്ന സംയമനം അവസാനിപ്പിക്കാനും ശക്തമായി പ്രതികരിക്കാനുമാണ് പാർട്ടി തീരുമാനം. ഇതിന്റെ ഭാഗമായാണ് തട്ടം വിവാദത്തിൽ ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാമിന്റെ പരോക്ഷ വിമർശനവും തുടർന്ന് സാദിഖലി തങ്ങളുടെ നേരിട്ടുള്ള രൂക്ഷവിമർശനവുമുണ്ടായത്. സമസ്തയിൽ ഒരു വിഭാഗത്തിന്റെ ലീഗ്വിരുദ്ധ പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അവഗണിക്കലായിരുന്നു ലീഗിന്റെ ശൈലി. എന്നാൽ, ഈ വിഭാഗം നേതാക്കൾ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ ഹൈജാക്ക് ചെയ്ത് സി.പി.എമ്മിനുവേണ്ടി കരുക്കൾ നീക്കാൻ തുടങ്ങിയെന്ന് ബോധ്യമായതോടെയാണ് പ്രത്യാക്രമണത്തിന് ലീഗ് നേതൃത്വം തീരുമാനിച്ചത്.
സാദിഖലി തങ്ങൾ അറിഞ്ഞാണ് തട്ടം വിവാദത്തിൽ സമസ്തയിലെ ഒരുവിഭാഗത്തെ പി.എം.എ. സലാം പരോക്ഷമായി വിമർശിച്ചത്. അതിനെതിരെ സമസ്ത പോഷക സംഘടന നേതാക്കൾ ഒപ്പിട്ടുനൽകിയ കത്ത് സാദിഖലി തങ്ങൾ അവഗണിച്ചതും ‘തലയിരിക്കുമ്പോൾ വാലാട്ടരുതെന്ന്’ താക്കീത് നൽകിയതും ഇതിന്റെ ഭാഗമാണ്. തുടർന്ന്, സമസ്ത നേതാവ് മുക്കം ഉമർ ഫൈസി സലാമിനെതിരെ സ്വകാര്യ ചാനലിൽ വ്യക്തിപരമായി നടത്തിയ വിമർശനത്തിനെതിരെ ഫൈസിയുടെ തട്ടകത്തിൽതന്നെ സലാം മറുപടി കൊടുത്തു.
ചൊവ്വാഴ്ച ചേർന്ന മുശാവറ യോഗം സമസ്തയുടെ പ്രതിഷേധം സാദിഖലി തങ്ങളെ നേരിട്ട് അറിയിക്കാൻ നാലംഗ സമിതിയെ ചുമതലപ്പെടുത്തിയത് മുസ്ലിം ലീഗ് പോസിറ്റിവായാണ് വിലയിരുത്തിയത്. മുശാവറയുടെ വികാരം സംഘം അറിയിക്കുമ്പോൾ, സമസ്തയിലെ ലീഗ് വിരുദ്ധരോടുള്ള നിലപാട് സാദിഖലി തങ്ങൾ തിരിച്ചും ബോധ്യപ്പെടുത്തുമെന്നാണ് സൂചന. ഇതോടെ, താൽക്കാലിക പരിഹാരമാകുമെങ്കിലും ഭാവിയിലും പാർട്ടിക്കെതിരായ പ്രവർത്തനം വെച്ചുപൊറുപ്പിക്കാനാകില്ലെന്ന നിലപാടിലാണ് നേതൃത്വം. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങളോട് ഒരുതരത്തിലുള്ള അഭിപ്രായ വ്യത്യാസവും ഇല്ലെന്നു പറയുമ്പോഴും സി.പി.എം അനുകൂലികളെന്ന് ആരോപണമുള്ള നേതാക്കൾ അദ്ദേഹത്തെ സ്വാധീനിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. സമസ്ത സ്വതന്ത്ര സംഘടനയാണെന്നും ലീഗിന്റെ വാലാട്ടിയല്ലെന്നും പറയുന്നവരുടെ സ്വാധീനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സാദിഖലി തങ്ങൾതന്നെ രംഗത്തിറങ്ങിയത്.
സമസ്തയിലെ ഈ വിഭാഗത്തിനെതിരായ പരസ്യപ്രതിരോധം തെരഞ്ഞെടുപ്പുകളിൽ ലീഗിനെ ബാധിക്കില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. മുമ്പും ഈ വിഭാഗം ലീഗ്വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോൾ പാർട്ടിക്ക് പ്രത്യേകിച്ച് ക്ഷീണമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.