കോഴിക്കോട്: പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാറിന്റെ നിലപാട് സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ മാസ്റ്റർ തിരുത്തിയെങ്കിലും, മുസ്ലിം സംഘടനകളിൽനിന്ന് പാർട്ടിക്കുനേരെ ഉയർന്ന വിമർശനമുണ്ടാക്കിയ ക്ഷീണം അത്ര പെട്ടെന്ന് തീരില്ല.
ഇടത് സംഘടനകളിലൂടെയുള്ള ലിബറൽ ആശയങ്ങളുടെ കടന്നുകയറ്റം പ്രതിരോധിക്കാൻ മുസ്ലിം സംഘടനകൾ ശക്തമായ ബോധവത്കരണം നടത്തുന്നതിനിടയിലാണ് സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി അനിൽ കുമാറിന്റെ തട്ടവിരുദ്ധ പരാമർശമുണ്ടായത്. ഇതോടെ സി.പി.എമ്മിനോട് അനുഭാവം പുലർത്തുന്ന കാന്തപുരം വിഭാഗവും അടുത്തകാലത്ത് സി.പി.എമ്മിനോട് മൃദുസമീപനം സ്വീകരിച്ച സമസ്തയിലെ ഒരു വിഭാഗം നേതാക്കൾവരെ കടുത്ത വിമർശനമുയർത്തി.
സമസ്ത നേതാവ് ബഹാഉദ്ദീൻ മുഹമ്മദ് നദ്വി സി.പി.എം നിലപാടിനെതിരെ ശക്തമായ വിമർശനമുയർത്തിയതിനൊപ്പം കമ്യൂണിസത്തോട് അനുഭാവം പുലർത്തുന്ന സമുദായത്തിലെ പണ്ഡിതർ തങ്ങളുടെ ധർമം നിർവഹിക്കണമെന്നും ഓർമപ്പെടുത്തി. ‘മതനിരാസവും ദൈവനിഷേധവുമാണ് കമ്യൂണിസത്തിന്റെ മുഖമുദ്ര. കേരളത്തിൽ കമ്യൂണിസം വെറും രാഷ്ട്രീയപാർട്ടി മാത്രമാണെന്നും മതനിരാസവും മുസ്ലിം വിരുദ്ധതയും ഉള്ളടക്കത്തിലില്ലെന്ന അവരുടെ ഭാഷ്യം കപടമാണെന്നും തെളിഞ്ഞിരിക്കുകയാണ്. കമ്യൂണിസത്തെ വെള്ളപൂശുന്നവർ മൗനം വെടിയുകയും യാഥാർഥ്യം തുറന്നുപറഞ്ഞ് പണ്ഡിതധർമം നിർവഹിക്കുകയും വേണം’-ബഹാഉദ്ദീൻ നദ്വി പറഞ്ഞു. സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരും ഹമീദ് ഫൈസി അമ്പലക്കടവും സി.പി.എം നിലപാടിനെതിരെ രംഗത്തുവന്നു. തട്ടം ധരിക്കുന്നതിനെതിരായ അനിൽ കുമാറിന്റെ പ്രസ്താവന മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാവ് ഇബ്രാഹിം ഖലീലുൽ ബുഖാരി വ്യക്തമാക്കി.
മനുഷ്യത്വ വിരുദ്ധ നവ ലിബറൽ ഫാഷിസ്റ്റ് ആശയക്കാരുടെ കൈയടിക്കായി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിൽനിന്ന് എല്ലാവരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറച്ചുകാലങ്ങളായി രാഷ്ട്രീയ ദുഷ്ടലാക്കിൽ കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തിയ സി.പി.എമ്മിന്റെ തനിനിറമാണ് ഇടക്കിടെ പുറത്തു ചാടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി.പി.എം നിലപാട് വ്യക്തമാക്കണം. മലപ്പുറം, മുസ്ലിം, മുസ്ലിം ഐഡൻറ്റിറ്റി, പ്രവാചക നൂറ്റാണ്ട് തുടങ്ങിയ കാര്യങ്ങളിൽ വിയോജിക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ട്. പക്ഷേ, അക്കാര്യം തുറന്നുപറയാനുള്ള ധീരത സി.പി.എം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. അനിൽ കുമാറിന്റേത് തികഞ്ഞ വർഗീയതയും മുസ്ലിം വിരുദ്ധ പരാമർശവുമാണെന്ന് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
മുസ്ലിം പെൺകുട്ടികൾ ശിരോവസ്ത്രം ഒഴിവാക്കുന്നതാണ് പുരോഗമനത്തിന്റെ നിദാനമെന്ന കാഴ്ചപ്പാട് ആരെങ്കിലും വെച്ചുപുലർത്തുന്നുണ്ടെങ്കിൽ അത് അബദ്ധജടിലവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളാത്തതുമാണെന്ന് ഐ.എൻ.എൽ ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
മലപ്പുറത്തെ തട്ടം സാമൂഹിക പുരോഗതിക്കു തടസ്സമാണെന്ന കാഴ്ചപ്പാട് ഇടതുപക്ഷപരമല്ലെന്നും അനിൽ കുമാറിന്റെ പരാമർശം ഇടതുമുന്നേറ്റത്തിന് പ്രയാസം സൃഷ്ടിക്കുമെന്നും ഐ.എൻ.എൽ (വഹാബ് വിഭാഗം) സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മായിലും ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസും പറഞ്ഞു. ഐ.എസ്.എം, ജി.ഐ.ഒ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും പ്രതിഷേധിച്ചു.
പ്രസ്താവന ഇസ്ലാമിക പ്രത്യയശാസ്ത്രത്തോട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുലര്‍ത്തുന്ന മനോഭാവത്തിന്റെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
കെ അനിൽ കുമാര്‍ പ്രസംഗിച്ചതുതന്നെയണോ സര്‍ക്കാറിന്റേയും പാര്‍ട്ടിയുടെയും നയമെന്ന് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ആവശ്യപ്പെട്ടു. മുസ്ലിം പെണ്‍കുട്ടികളെ മതവിരുദ്ധരാക്കാന്‍ പണിയെടുക്കുന്നത് സി.പി.എമ്മാണെന്നും അതിന്റെ ക്രെഡിറ്റ് യുക്തിവാദ സംഘടനകള്‍ക്ക് അവകാശപ്പെട്ടതല്ലെന്നുകൂടി അവർ വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.