കോഴിക്കോട്: മുത്തലാഖ് നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കം ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലിം യൂത്ത്ലീഗ് വാർഷിക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുഖ്യ ന്യൂനപക്ഷമായ മുസ്ലിംകളെ ബാധിക്കുന്ന നിയമം അവരുടെ ഏതെങ്കിലുമൊരു സംഘടനയോട് ആലോചിക്കാതെയും പ്രതിപക്ഷത്തെ അവഗണിച്ചും പാസാക്കിയെടുത്തത് കേന്ദ്രസർക്കാറിെൻറ നിലപാടുകളിലേക്കുള്ള ചൂണ്ടു പലകയാണ്. ഇതാണ് ഫാഷിസം. വേണമെങ്കിൽ അനുസരിച്ചോ എന്നതാണ് നയം. സുപ്രീംകോടതി തന്നെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച മുത്തലാഖിെൻറ കാര്യത്തിൽ പിന്നെയൊരു പ്രത്യേക നിയമംതന്നെ ആവശ്യമില്ല. വൈരുധ്യങ്ങൾ നിറഞ്ഞ നിയമത്തിൽ ചിലയിടത്ത് വിവാഹബന്ധം വേർപെടുത്തൽതന്നെ പാടില്ല എന്നവിധമാണുള്ളത്. ആരെയും പൊലീസിന് ക്രിമിനൽ കേസിൽ പെടുത്താനാവും വിധമാണ് കാര്യങ്ങൾ. കോടതിയിൽ നിയമം ചോദ്യം ചെയ്യാനാവും. ഖുർആനെയും വിശ്വാസത്തേയുമൊക്കെ പരിഹസിക്കും വിധമായിരുന്നു ബില്ലവതരണം. മൂന്നുകൊല്ലം ജയിലിൽ കിടക്കുന്ന ഭർത്താവ് എങ്ങനെ ചെലവിന് കൊടുക്കുമെന്ന ചോദ്യവും പ്രസക്തമാണ്. എതിർക്കുന്ന വിഭാഗങ്ങളുടെ കാര്യങ്ങളിൽ താൽപര്യമില്ല എന്ന രീതിയാണ്. ഇൗ സാഹചര്യത്തിൽ മതേതര പ്ലാറ്റ്ഫോമുണ്ടാക്കി ലീഗ് മുന്നോട്ടുപോകും. ബഹുരാഷ്ട്ര കുത്തകകൾക്കു മാത്രം വളർച്ചയുള്ള കേന്ദ്രസർക്കാർ ഭരണമെന്നപേലെ സംസ്ഥാന സർക്കാറും പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ട്രഷറർ എം.എ. സമദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.