മൂവാറ്റുപുഴ നഗരസഭ: ഭരണം നിലനിർത്താൻ അടവുകളുമായി യു.ഡി.എഫ്

മൂവാറ്റുപുഴ: നഗരസഭ ഭരണം പിടിക്കാൻ ഇടതുമുന്നണി നീക്കം ശക്തമാക്കിയിരിക്കെ ഭരണം നിലനിർത്താനുള്ള അടവുകളുമായി യു.ഡി.എഫും. പതിറ്റാണ്ടുകൾക്കു ശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തിയ മൂവാറ്റുപുഴ നഗരസഭയിൽ ഭരണമുന്നണിയിലെ ചില അംഗങ്ങൾ തമ്മിലുണ്ടായ പടലപ്പിണക്കം മുതലെടുത്ത് ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് എൽ.ഡി.എഫ്.

ഇതിനെ മറികടക്കാൻ കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗത്തിന്‍റെ തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രാജശ്രീ രാജുവിനെ വൈസ് ചെയർപേഴ്സനായി തിരികെ കൊണ്ടുവരാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഇവർക്ക് വൈസ് ചെയർപേഴ്സൻ സ്ഥാനം നൽകാൻ മുന്നണിയിൽ ധാരണയായതായാണ് സൂചന.

നിലവിലെ വൈസ് ചെയർപേഴ്സൻ സിനി ബിജുവിനെ മാറ്റിയാണ് രാജശ്രീ രാജുവിനെ വൈസ് ചെയപേഴ്സൻ സ്ഥാനത്തേക്ക് എത്തിക്കുന്നത്. ബി.ജെ.പിയുടെ പിന്തുണയോടെ വിജയിച്ചെത്തിയ രാജശ്രീ രാജുവിനെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം നൽകി കോൺഗ്രസ് കൂടെ കൂട്ടിയിരുന്നു. ഇതിനെതിരെ കോൺഗ്രസിലെതന്നെ പ്രമീള ഗിരീഷ്കുമാർ രംഗത്തുവന്നെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഒടുവിൽ പ്രമീള ഇവർക്കെതിരെ അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കുകയായിരുന്നു. ഇടതു കൗൺസിലർമാരുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്.

ഇതിനു പിന്നാലെ വൈസ് ചെയർപേഴ്സൻ സിനി ബിജു, കോൺഗ്രസ് കൗൺസിലർമാരായ ജോയ്സ് മേരി ആന്റണി, പ്രമീള ഗിരീഷ്കുമാർ എന്നിവർ നഗരസഭയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും മൂവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.സംഭവത്തിൽ പ്രമീളയുടെ പരാതിയിൽ സിനി ബിജുവിനും ജോയ്സ് മേരി ആന്‍റണിക്കും എതിരെ വധശ്രമത്തിനാണു പൊലീസ് കേസെടുത്തത്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയതോടെ രണ്ടുപേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനകൾ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.

ഇതിനു പുറമെ വ്യാപാരികളെ പിണക്കി നഗരസഭയുടെ കീഴിലുള്ള കെട്ടിടങ്ങളിലെ മുറിവാടക രണ്ടും മൂന്നും ഇരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ചതും വിനയായിരുന്നു. ഇതെല്ലാം മുന്നിൽക്കണ്ടാണ് ഇടതുമുന്നണി ഭരണം പിടിക്കാനുള്ള നീക്കം നടത്തുന്നത്. സംഭവത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ യു.ഡി.എഫിന്‍റെ മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തിയ ചർച്ചകളെ തുടർന്നാണ് സമവായ ഫോർമുല രൂപപ്പെട്ടതെന്നാണു സൂചന.

ഇതിനായി രാജശ്രീ രാജു കോൺഗ്രസിൽ ചേരണമെന്നാണു വ്യവസ്ഥ. രാജശ്രീ രാജു ബി.ജെ.പി പിന്തുണയോടെയാണു വിജയിച്ചതെന്ന് ആരോപിച്ചാണ് പ്രമീള ഗിരീഷ്കുമാർ ഇവർക്കെതിരെ അവിശ്വാസം കൊണ്ടുവന്നത്. ഇവർ കോൺഗ്രസിൽ ചേർന്നാൽ എതിർപ്പുകൾ അവസാനിപ്പിക്കാമെന്നു പ്രമീള വ്യക്തമാക്കിയിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ പ്രമീള എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തതയില്ല. 

Tags:    
News Summary - Muvattupuzha Municipal Corporation: UDF to retain power

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.