കണ്ണൂർ: ആര്‍.എസ്.എസ് ദേശീയ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതിനെ നിസ്സാരമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘അത് കൊണ്ടന്താ’ എന്നും ‘എ.ഡി.ജി.പി എവിടെയെങ്കിലും പോയാൽ ഞങ്ങൾക്കെന്ത് ഉത്തരവാദിത്തം’ എന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
എ.ഡി.ജി.പി എം.ആർ. അജിത്കുമാർ മുഖ്യമന്ത്രിക്കുവേണ്ടി ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയെന്ന് ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. എന്നാൽ, അങ്ങനെ ഒരു കൂടിക്കാഴ്ച മുഖ്യമന്ത്രിക്കുവേണ്ടി നടന്നിട്ടില്ലെന്ന് ഇന്നലെ വിശദീകരിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടുവെന്നത് നിഷേധിച്ചില്ല. അജിത്കുമാർ-ദത്താത്രേയ ഹൊസബലെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോയെന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കണ്ടിട്ടുണ്ടെങ്കിൽ തങ്ങൾക്കെന്ത്... എന്നായിരുന്നു മറുപടി. അത് തന്നെയാണ് ഇന്നും പറഞ്ഞത്.
2023 മേയ് 22ന് തൃശൂരിൽ ആർ.എസ്.എസ് ക്യാമ്പിനിടെ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് നൽകിയ വിശദീകരണത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ സമ്മതിച്ചിരുന്നു. പാറമേക്കാവ് വിദ്യാമന്ദിറിൽ ആർ.എസ്.എസ് ക്യാമ്പ് നടക്കുന്നതിനിടെ ആർ.എസ്.എസ് നേതാവിന്റെ കാറിലാണ് ഹൊസബലെ താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിൽ പോയത്. അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിക്കൊപ്പമാണ് എഡി.ജി.പി എത്തിയതെന്നും തൃശൂർ സ്പെഷൽ ബ്രാഞ്ച് അറിയിച്ചു.
ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി ഓടിച്ചുവന്ന കാറിലായിരുന്നു യാത്ര. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയായതിനാൽ അജിത്കുമാറിന്റെ വാഹനത്തിന്റെ ലോഗ്ബുക്ക് പരിശോധിച്ചാൽ എവിടെയെല്ലാം പോയെന്നു വ്യക്തമാകുമെന്നതിനാലാണ് സ്വകാര്യ കാർ തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര അന്വേഷണം അട്ടിമറിക്കാൻ തൃശൂരിൽ ബി.ജെ.പിയുടെ വിജയത്തിന് സഹായിക്കുകയെന്ന ധാരണയെക്കുറിച്ചായിരുന്നു ദത്താത്രേയ ഹൊസബലെയുമായി എം.ആർ. അജിത്കുമാർ നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ ചർച്ചയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. എ.ഡി.ജി.പി ഇടപെട്ട് തൃശൂർ പൂരം കലക്കിയത് ആ ധാരണയുടെ ഭാഗമായാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാൽ, ബി.ജെ.പിയുമായി എ.ഡി.ജി.പി വഴി സി.പി.എം ബന്ധം സ്ഥാപിച്ചുവെന്നത് കള്ളക്കഥയാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷനേതാവിന്‍റെ പ്രസ്താവനയുടെ പുറത്തുണ്ടാക്കിയ വാർത്തയോട് പ്രതികരിക്കേണ്ടതില്ല. അജണ്ട വെച്ച് സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആർ.എസ്.എസ്. 215 സി.പി.എമ്മുകാർ ആർ.എസ്.എസിനാൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരുമായി സന്ധി ചെയ്യാൻ സി.പി.എമ്മിനാവില്ലെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.