‘വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ല’; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യു.ഡി.എഫിനെ പഴിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യു.ഡി.എഫിനെ പഴിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വടകര നിയോജക മണ്ഡലത്തിൽ അധിക്ഷേപം തുടങ്ങിവച്ചത് യു.ഡി.എഫാണ്. ടീച്ചറമ്മ എന്ന പേരിനെ ആക്രമിച്ചാണ് യു.ഡി.എഫ് തുടങ്ങിയത്. കെ.കെ. ശൈലജ മുസ്‌ലിം വിരോധിയെന്ന തരത്തിൽ പ്രചരിപ്പിച്ചു. ശൈലജക്കെതിരെ മുസ്‌ലിം വിരുദ്ധത ആരോപിക്കാൻ ബോധപൂർവം ശ്രമം നടന്നു. വ്യക്തിഹത്യയിൽ ഊന്നിയുള്ള പ്രചാരണമാണ് യു.ഡി.എഫ് നടത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

“വടകര പാർലമെന്‍റ് നിയോജക മണ്ഡലത്തിലുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണിപ്പോൾ നടക്കുന്നത്. കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട പ്രശ്നം വിശദമായി പരിശോധിക്കുമ്പോൾ, യു.ഡി.എഫാണ് വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ടതെന്നു കാണാം. ഒറ്റപ്പെട്ട പ്രശ്നം പൊലെയാണ് ചിലർ അതിനെ സമീപിക്കുന്നത്. അത് ശരിയല്ല. അവിടെയുണ്ടായ അശ്ലീല ചിത്രവുമായി ബന്ധപ്പെട്ട വിവാദം മുതലുള്ള കാര്യങ്ങൾ വിശകലനം ചെയ്യണം. ഷാഫി വടകരയിൽ എത്തിയപ്പോൾ മുതൽ കെ.കെ. ശൈലജയെ ആക്രമിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് പലപ്പോഴായി വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമർശങ്ങളാണ് നടത്തിയത്.

മുസ്‌ലിം വിഭാഗത്തിനു നേരെ ടീച്ചർ വിദ്വേഷ പരാമർശങ്ങളുന്നയിച്ചു എന്ന് പ്രചാരണമുണ്ടായി. ലൗ ജിഹാദിന്‍റെ കാര്യത്തിൽ ആർ.എസ്.എസിന്‍റെ നിലപാടാണ് ശൈലജയുടേത് എന്നുപോലും പ്രചരിപ്പിച്ചു. കാന്തപുരം എ.പി. അബൂബക്കറിന്‍റെ ലെറ്റർപാഡ് വ്യാജമായി നിർമിച്ച് ടീച്ചർക്കെതിരെ പ്രചാരണം നടത്തി. പാനൂർ ബോംബ് കേസ് പ്രതികൾക്കൊപ്പം നിൽക്കുന്ന ചിത്രമടക്കം വ്യാജമായി നിർമിച്ചു. ഇത്തരം പ്രവൃത്തികൾക്കു പിന്നിൽ മാഹിയിലും പേരാമ്പ്രയിലുമുള്ള ലീഗ് പ്രവർത്തകരടക്കമുണ്ട്. ഇവർക്കെല്ലാമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എല്ലായ്പ്പോഴും മതനിരപക്ഷേതക്കായി നിലകൊണ്ടിട്ടുള്ള പാർട്ടിയാണ് സി.പി.എം.

എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിലാണ് കോൺഗ്രസ് മത്സരിച്ചത്. കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട് സി.പി.എമ്മിന് ഒന്നും ഒളിച്ചുവെക്കാനില്ല. കെ.കെ. ലതിക സ്ക്രീൻഷോട്ട് ഷെയർ ചെയ്തത് പ്രചരിപ്പിക്കാനല്ല. നാടിനാപത്താണെന്നും ഇത്തരം പ്രവണത തടയണമെന്നും ആഗ്രഹിച്ചാണ് ഷെയർ ചെയ്തത്. സംഭവത്തിൽ ആദ്യം ഇടതുമുന്നണിയാണ് പരാതി കൊടുത്തത്. ഇടതു സൈബർ ഗ്രൂപ്പുകളെന്ന പേരിൽ പറയുന്നവരുമായോ വാട്സ്ആപ്പ് ഗ്രൂപ്പുകളുമായോ പാർട്ടിക്ക് ബന്ധമില്ല. പോരാളി ഷാജിയല്ല ഇടതുപക്ഷം. റെഡ് എൻകൗണ്ടറിന് ആളെ അറിയാമെങ്കിൽ പറയട്ടെ. യഥാർഥ പ്രതിയെ പൊലീസ് കണ്ടെത്തണം” -എം.വി. ഗോവിന്ദൻ പറഞ്ഞു. 

Tags:    
News Summary - MV Govindan blames UDF in Kafir screenshot controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.