ജനകീയ പ്രതിരോധ ജാഥക്ക് തിരൂരിൽ നൽകിയ സ്വീകരണം 

ഖബറിടം പോലും ദേശീയപാതക്ക് വിട്ടുകൊടുത്ത പള്ളിക്കമ്മിറ്റികൾ ഉള്ള നാടാണ് മലപ്പുറം -എം.വി. ഗോവിന്ദൻ

‘ന്യൂനപക്ഷ ജനവിഭാഗത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ വൻ ഒഴുക്കായിരുന്നു ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ’

മലപ്പുറം: ഖബറിടം പോലും ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്ത പള്ളിക്കമ്മിറ്റികൾ ഉള്ള നാടാണ് മലപ്പുറമെന്നും നാടിനോടുള്ള അവരുടെ ഈ അർപ്പണമനോഭാവത്തെ എത്ര അഭിനന്ദിച്ചാലാണ് മതിയാകുകയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് മലപ്പുറം ജില്ലയിൽ നൽകിയ സ്വീകരണ കേന്ദ്രങ്ങളിൽ ന്യൂനപക്ഷ ജനവിഭാഗത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ വൻ ഒഴുക്കായിരുന്നുവെന്നും ജാഥയുടെ അനുഭവങ്ങൾ പങ്കുവെച്ച് ദേശാഭിമാനിയിൽ എഴുതിയ ‘ജാഥ ഡയറി’യിൽ എം.വി. ഗോവിന്ദൻ കുറിച്ചു.

തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാട് എത്തിയപ്പോൾ ദേശീയപാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായ കുറെ കുടുംബങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നുവെന്നും വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയാത്തതിലുമേറെ ആവേശകരമായ അനുഭവമാണ് രണ്ടുദിവസമായി മലപ്പുറം തന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒരു കാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സ്വാധീനമില്ലാത്ത ജില്ലയായ മലപ്പുറം ഇപ്പോൾ ചുവന്നു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വൻ ഒഴുക്കായിരുന്നു ഓരോ കേന്ദ്രത്തിലും. പ്രത്യേകിച്ച് സ്ത്രീകളുടെ വൻ നിര. സംഘപരിവാറിന്റെ തിട്ടൂരങ്ങൾക്കു മുന്നിൽ മുട്ടുമടക്കാത്ത സർക്കാരും മുന്നണിയുമാണ് ഇവിടെയെന്നതും ജനം തിരിച്ചറിയുന്നുണ്ട്. ഇത് മുസ്ലിം ലീഗിന്‌ ഉണ്ടാക്കുന്ന വെപ്രാളം ചെറുതല്ല. രണ്ടുദിവസത്തെ പര്യടനത്തിലെ അനുഭവം ഇത് ആവർത്തിക്കുന്നു’ -അദ്ദേഹം വ്യക്തമാക്കി.

‘ഇന്നലെ അവിസ്മരണീയമായ ചില അനുഭവങ്ങൾ ഉണ്ടായി. തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാട് എത്തിയപ്പോൾ ദേശീയപാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായ കുറെ കുടുംബങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലിനെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തവരായിരുന്നു ചിലർ. അവരുടെ സന്തോഷം പ്രകടിപ്പിച്ചു. ഖബറിടം പോലും ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്ത പള്ളിക്കമ്മിറ്റികൾ ഉള്ള നാടാണ് മലപ്പുറം. നാടിനോടുള്ള അവരുടെ ഈ അർപ്പണമനോഭാവത്തെ എത്ര അഭിനന്ദിച്ചാലാണ് മതിയാകുക. അവരുടെ നല്ല മനസ്സിനോട് ഈ നാട് കടപ്പെട്ടിരിക്കുന്നു’ -ലേഖനം തുടർന്നു.

രണ്ടുദിവസംകൂടി ജാഥ ജില്ലയിലുണ്ട്. മലപ്പുറം ജില്ലാ രൂപീകരണം അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസും ബിജെപിയും കടുത്ത പ്രതിഷേധമാണ്‌ ഉയർത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ലേഖനത്തിൽ, 1969 ജൂൺ 16ന് ജില്ല നിലവിൽ വന്ന ദിവസം കോൺഗ്രസും ബിജെപിയുടെ അന്നത്തെ രൂപമായ ജനസംഘവും കരിദിനം ആചരിച്ച കാര്യവും ഓർമിപ്പിച്ചു. ‘മലപ്പുറത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചത് ഇടതുപക്ഷ സർക്കാരുകളാണെന്ന് നിസ്സംശയം പറയാം. കേരളത്തിനു തന്നെ അഭിമാനമായ കാലിക്കറ്റ് സർവകലാശാലയും തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും ഇവിടെയാണ്. പ്രശസ്തമായ അലിഗഢ് സർവകലാശാലയുടെ ക്യാമ്പസ് പെരിന്തൽമണ്ണയിലുണ്ട്. കാലിക്കറ്റ് നാക് ഗ്രേഡിങ്ങിൽ എ പ്ലസ് നേടിയത് അഭിമാനകരമാണ്. യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് മഞ്ചേരി ജനറൽ ആശുപത്രിയുടെ ബോർഡ് മെഡിക്കൽ കോളേജ് എന്നാക്കിയതല്ലാതെ ഒന്നും ചെയ്‌തില്ല. എന്നാൽ, അടുത്തിടെ നഴ്സിങ് കോളേജ് ആരംഭിച്ചത്‌ ഉൾപ്പെടെ മെഡിക്കൽ കോളജ് വികസനത്തിനുവേണ്ടിയുള്ള നടപടികൾക്ക് വേഗം നൽകുകയാണ് ഈ സർക്കാർ. മലപ്പുറത്ത് പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയിൽ ഉയർന്നുവന്ന പ്രധാന ആവശ്യം മെഡിക്കൽ കോളജിന്റെ വികസനമായിരുന്നു. അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്’ -എം.വി. ഗോവിന്ദൻ വ്യക്തമാക്കി. 

Tags:    
News Summary - MV govindan Janakeeya Prathirodha Jatha malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.