വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയായി; അൻവറിന് മറുപടിയുമായി എം.വി. ഗോവിന്ദൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത കടന്നാക്രമണം നടത്തിയ പി.വി. അൻവർ എം.എൽ.എക്ക് മറുപടിയമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയായെന്ന് ഗോവിന്ദൻ പറഞ്ഞു.

അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്‍റെ സംഘടന രീതിയും നയവും അറിയില്ല. ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചശേഷമാണ് പരാതി നൽകിയത്. അൻവർ കമ്യൂണിസ്റ്റ് പാർട്ടി അംഗമല്ല, പാർലമെന്‍ററി അംഗം മാത്രമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ആദ്യം പരാതിയുണ്ടായിരുന്നില്ല. പിന്നീടാണ് പരാതി നൽകിയത്. പരസ്യ നിലപാട് ആവർത്തിക്കരുതെന്ന് പലതവണ ഓർമപ്പെടത്തിയിട്ടും അൻവർ അച്ചടക്കം ലംഘിച്ചു. അൻവറിന്‍റെ പരാതി പരിശോധിക്കാതിരിക്കുകയോ, കേൾക്കാതിരിക്കുകയോ ചെയ്തിട്ടില്ല.

പാർട്ടി അംഗമല്ലാതിരിന്നിട്ടും എല്ലാ പരിഗണനയും പാർട്ടി അൻവറിന് നൽകി. അന്വേഷണങ്ങൾ മുറക്ക് നടക്കുന്നുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ആ നിലപാട് തന്നെയാണ് പാർട്ടിക്കുള്ളതെന്നും അറിയിച്ചു. എന്നാൽ, പാർട്ടി നൽകിയ ഉറപ്പ് വിശ്വാസത്തിലെടുക്കാതെ പരസ്യമായി വാർത്താസമ്മേളനം നടത്തുകയാണ് അൻവർ ചെയ്തത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നുവരെ അൻവർ പറഞ്ഞെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

പതിറ്റാണ്ടുകളുടെ പൊതുപ്രവർത്തന പാരമ്പര്യമുള്ള പിണറായി വിജയനുനേരെ കടുത്ത കടന്നാക്രമണമാണ് പി.വി. അൻവർ എം.എൽ.എ വ്യാഴാഴ്ച നടത്തിയത്. ഇനിയൊന്നും പറയാൻ ബാക്കിയില്ലെന്നവിധം തുറന്നടിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത നീക്കമായിരുന്നു അത്. തൃശൂരിൽ ബി.ജെ.പിക്ക് ജയിക്കാൻ എ.ഡി.ജി.പി അജിത്കുമാർ പൂരം കലക്കിയത് മുഖ്യമന്ത്രിയും കേന്ദ്രഭരണകക്ഷിയും തമ്മിലെ നീക്കുപോക്കാണെന്നും ആർ.എസ്.എസ് കൂടിക്കാഴ്ച സമ്മതിച്ചിട്ടും അജിത്കുമാർ ക്രമസമാധാന ചുമതലയിൽ തുടരുന്നത് അതുകൊണ്ടാണെന്നും അൻവർ തുറന്നടിച്ചിരുന്നു.

താൻ പരാതിയുന്നയിച്ച മാധ്യമസ്ഥാപനത്തിന് പി. ശശിയും അജിത്കുമാറും സംരക്ഷണമൊരുക്കിയതും നീക്കുപോക്കിന്‍റെ ഭാഗമാണെന്നും കൂട്ടിച്ചേർത്തിരുന്നു.

Tags:    
News Summary - MV Govindan replied to Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.