അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസമാണ് തന്നെ രാഷ്‌ട്രീയക്കാരനാക്കി മാറ്റിയതെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം : അധ്യാപകൻ ആകാനാണ് ആഗ്രഹിച്ചതെന്നും അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസമാണ് തന്നെ മുഴുവൻ സമയ രാഷ്‌ട്രീയക്കാരനാക്കി മാറ്റിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തിരുവനന്തപുരം ഗവൺമെന്‍റ് മോഡൽ ബോയ്‌സ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴാണ് തന്‍റെ രാഷ്‌ട്രീയ ജീവിതവും അധ്യാപക ജീവിതവും വെല്ലുവിളികളുമെല്ലാം അദ്ദേഹം തുറന്നുപറഞ്ഞത്.

തുടക്കം മുതൽ ഒരു അധ്യാപകന്റെ ശൈലിയിൽ വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിച്ചാണ് അദ്ദേഹം സംവാദം ആരംഭിച്ചത്. തികച്ചും അരക്ഷിതമായ കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് കടന്നുവന്നതെന്നും പട്ടിണിയറിഞ്ഞാണ് വളർന്നതെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. അധ്യാപകനാകുക എന്നതായിരുന്നു തൻ്റെ ആഗ്രഹം. പത്തൊൻപതാം വയസിൽ തന്നെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം മനസിലെ ഭയം ഇല്ലാതാക്കി. വര്‍ഗീയവാദികള്‍ യഥാര്‍ത്ഥ മതവിശ്വാസികള്‍ അല്ലെന്നും മനുഷ്യനെ മനുഷ്യനില്‍ നിന്ന് അകറ്റുന്നതാണ് ജാതി ചിന്തയെന്നും അദ്ദേഹം ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. രാഷ്‌ട്രത്തിന്റെ അടിസ്ഥാനം മതപരമായി മാറ്റാന്‍ ശ്രമം നടക്കുന്നു. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ അതിദാരിദ്രരും ആകുന്ന സാഹചര്യമാണ് രാജ്യത്ത്‌.

രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണമേന്മയോടെ ജീവിക്കാനാകുന്ന ഏക സംസ്ഥാനം കേരളമാണെന്നും പട്ടിണിരഹിതമായ ഏക സംസ്ഥാനമായി കേരളം മാറുമെന്നും എം.വി ഗോവിന്ദന്‍ പ്രതികരിച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങളോട് സരസവും ലളിതവുമായാണ് അദ്ദേഹം മറുപടി പറഞ്ഞത്. പി.ടി.എ പ്രസിഡന്റ് കെ.ഗോപി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രമോദ് കെ.വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡി.ആർ ഹാന്റ നന്ദിയും പറഞ്ഞു. സ്കൂൾ ഹെഡ്മിസ്ട്രസ് ജെ.എം ഫ്രീഢമേരി പരിപാടിയിൽ പങ്കെടുത്തു.

Tags:    
News Summary - MV Govindan said that his imprisonment during the Emergency made him a politician

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.