നോര്‍ക്കയുടെ പുനരധിവാസ പദ്ധതികള്‍ക്ക് പ്രാധാന്യമേറുന്നുവെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ : പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികള്‍ക്ക് പ്രാധാന്യമേറുന്നതായി എം.വി ​ഗോവിന്ദൻ എം.എൽ.എ. കണ്ണൂർ ജില്ലയിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോൺ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗൾഫ് മേഖലയുടെ സാമ്പത്തിക പുരോഗതിയില്‍ മലയാളി പ്രവാസി സമൂഹത്തിന്റെ പങ്കും ശ്രദ്ധേയമാണ്. പ്രവാസത്തിന്റെ സ്വഭാവം മാറിവരികയാണ്. ഇന്ന് വികസിത രാജ്യങ്ങളിലേക്കാണ് കേരളത്തില്‍ നിന്നുളള കൂടുതലായി കുടിയേറ്റം നടക്കുന്നത്. കോവിഡുള്‍പ്പെടെയുളള പ്രതികൂല അവസ്ഥയിൽ പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യവും നിലവിലുണ്ട്. ഇതിനാലാണ് പ്രവാസികൾക്കായുളള സർക്കാരിന്റെ പുനരധിവാസ പദ്ധതികൾക്ക് പ്രാധാന്യവും ജനശ്രദ്ധയും ലഭിക്കുന്നത്.

ലോകത്തെവിടേക്കും തൊഴില്‍ നൈപുണ്യവും പ്രായോഗിക പരിശീലനവും നേടിയ യുവതീയുവാക്കളുടെ പ്രാതിനിധ്യം കേരളത്തിന് അവകാശപ്പെടാവുന്നതാണ്. വൈജ്ഞാനിക സമൂഹം രൂപപ്പെടുത്തുക എന്നതിനൊപ്പം വൈജ്ഞാനിക സമ്പദ് വ്യവസ്ഥകൂടി രൂപപ്പെടുത്താനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ നോർക്ക റൂട്ട്സ് റസിഡൻ‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നോര്‍ക്കയുടെ ലോണ്‍ മേളകള്‍ സംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ നെഗറ്റീവ് കമന്റുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് ചെയ്യുന്നവര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേളയിൽ 75 സംരംഭങ്ങൾക്ക് പ്രാഥമിക അനുമതിയായി. ജില്ലയിൽ നിന്നുളള 117 പ്രവാസി സംരംഭകരാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. ​

Tags:    
News Summary - M.V. Govindan said that Norka's rehabilitation projects are important.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.