'എല്ലാ ദിവസവും ഒരേ പോലെ നാക്കുപിഴക്കുമോ?'; കെ. സുധാകരന്‍റെ വിശദീകരണത്തിൽ എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നെഹ്റുവിനെയും സംഘ്പരിവാറിനെയും ബന്ധപ്പെടുത്തിയുള്ള തന്‍റെ പ്രസ്താവന നാക്കുപിഴ സംഭവിച്ചതാണെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ വിശദീകരണത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുധാകരൻ എല്ലാ ദിവസവും ഇതുതന്നെയാണ് പറയുന്നത്. എല്ലാ ദിവസവും ഒരേപോലെ നാക്ക് പിഴക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

'കുറേ ദിവസം ഒരേപോലെ നാക്കുപിഴക്കില്ലല്ലോ. രാവിലെ പറയുന്നു, വൈകുന്നേരം പറയുന്നു, നാലുദിവസം കഴിഞ്ഞ് വീണ്ടും പറയുന്നു. ഇതെല്ലാം നാക്കുപിഴയാണോ. കോൺഗ്രസിനാണ് യഥാർഥത്തിൽ നാക്കുപിഴയുണ്ടാകുന്നത്. നേതൃനിര ഇതിൽ എന്താണ് ചിന്തിക്കുന്നതെന്ന് വ്യക്തമാക്കേണ്ട ബാധ്യത കോൺഗ്രസിനുണ്ട്. സുധാകരനല്ല പ്രശ്നം, മറിച്ച് കെ.പി.സി.സി പ്രസിഡന്റ് എന്ന പദവിയിലിരുന്ന് പറയുന്നത് പ്രശ്നമാണ്. സുധാകരൻ പറഞ്ഞാൽ വിശ്വാസം വരില്ലെന്നുള്ളതുകൊണ്ട് നെഹ്റു കൂടി ഫാഷിസ്റ്റ് ശക്തികളോട് ചേർന്നിട്ടുണ്ട് എന്ന് പറഞ്ഞ് പരത്തുകയാണ്. പ്രതിപക്ഷവും ബി.ജെ.പിയും ആർ.എസ്.എസും തമ്മിലുള്ള ഐക്യപ്രസ്ഥാനം രൂപപ്പെട്ട് വരുന്നുണ്ട്' -എം.വി. ഗോവിന്ദൻ പറഞ്ഞു.

വർഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ, മൂല്യബോധമുള്ള വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന സുധാകരന്‍റെ പ്രസ്താവനയാണ് വിവാദമായത്. തുടർന്ന്, തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് സുധാകരൻ വിശദീകരിച്ചിരുന്നു. നേരത്തെ, ആർ.എസ്.എസ് ശാഖക്ക് കോൺഗ്രസുകാർ കാവൽ നിന്നിട്ടുണ്ടെന്ന സുധാകരന്‍റെ പ്രസ്താവനയും വിവാദമായിരുന്നു. വിവാദ പ്രസ്താവനകളിൽ യു.ഡി.എഫിനുള്ളിൽ തന്നെ പ്രതിഷേധമുണ്ട്. മുന്നണി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചതായി മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - MV Govindan slams K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.