തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതിരോധിക്കാൻ പാർട്ടിക്കും സർക്കാറിനും ബാധ്യതയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കരിമണൽ കേസിൽ മുഖ്യമന്ത്രിക്കെതിരായ വാർത്തയിൽ അദ്ദേഹത്തിന്റെ ഫോട്ടോ മാത്രമാണ് സത്യം. ബാക്കിയെല്ലാം വസ്തുതവിരുദ്ധമാണ്. ഇനിയും ഇത്തരം വാർത്തകൾ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.
സി.എം.ആർ.എല്ലിൽനിന്ന് പണം വാങ്ങിയെന്ന് യു.ഡി.എഫ് നേതാക്കൾ സമ്മതിച്ചിട്ടുണ്ട്. അത് ആരും അന്വേഷിക്കുന്നില്ല. പണം വാങ്ങിയിട്ടില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. എക്സാലോജിക്കും എല്ലാ കാര്യങ്ങളും ശരിയായി തന്നെ ചെയ്തിട്ടുണ്ട്. എന്നിട്ടും പിണറായി വിജയനും മകൾക്കുമെതിരെ മാത്രമാണ് അന്വേഷണം. പിണറായിയെ ലക്ഷ്യമിടുന്നത് പാർട്ടിക്കെതിരായ രാഷ്ട്രീയനീക്കമാണ്. അത് പ്രതിരോധിക്കേണ്ടതുണ്ട്.
ഡൽഹി സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നതിൽ യു.ഡി.എഫിൽ ഏകാഭിപ്രായമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാൽ യോജിക്കാനാകുന്നില്ലെന്നാണ് യു.ഡി.എഫ് നിലപാട്. ജനങ്ങളുടെ പ്രശ്നമല്ല യു.ഡി.എഫ് മുഖ്യമെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യം സി.പി.എം ജനങ്ങളോട് തുറന്നുപറയും. ഡൽഹി സമരത്തിന് പിന്തുണ തേടി എല്ലാ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്കും കത്തെഴുതിയിട്ടുണ്ട്. ഫെഡറൽ സംവിധാനത്തിനെതിരായ കേന്ദ്രനീക്കം ചെറുക്കാനുള്ള സമരത്തിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുണ്ട്. പൂർത്തിയാകാത്ത രാമക്ഷേത്രം തെരഞ്ഞെടുപ്പ് ഇന്ധനമെന്ന നിലയിലാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. അതിനെതിരെ വിശ്വാസികളെ അണിനിരത്താൻ പാർട്ടി ശ്രമിക്കും. എന്നാൽ, വിശ്വാസത്തിന് പാർട്ടി എതിരല്ലെന്നും എം.വി. ഗോവിന്ദൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.