തളിപ്പറമ്പ്: ഫേസ്ബുക്ക് ലൈവിലൂടെ തന്നെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്നതിന് സ്വപ്ന സുരേഷിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി. എം.വി. ഗോവിന്ദൻ നേരിട്ട് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച് മേയ് രണ്ടിനുതന്നെ അദ്ദേഹത്തിന്റെ
മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് സാക്ഷികളായ മുൻ ആർ.ഡി.ഒ എ.സി. മാത്യുവിന്റെയും സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം കെ. ഗണേശന്റെയും മൊഴികളും തളിപ്പറമ്പ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി സാക്ഷി വിസ്താരം പൂർത്തിയാക്കി. സ്വപ്നയെ സമൻസ് അയച്ച് വരുത്തണോ എന്ന കാര്യത്തിൽ സെപ്റ്റംബർ 25ന് തളിപ്പറമ്പ് മജിസ്ട്രേറ്റ് തീരുമാനമെടുക്കും.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ആരോപണങ്ങളിൽ നിന്ന് പിന്മാറിയാൽ 30 കോടി രൂപ എം.വി. ഗോവിന്ദൻ വാഗ്ദാനം ചെയ്തുവെന്നും ഇല്ലെങ്കിൽ ജീവൻ അപകടത്തിലാക്കുമെന്നും വിജേഷ് പിള്ള എന്നയാൾ പറഞ്ഞുവെന്നായിരുന്നു സ്വപ്ന ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയത്. 50 വർഷത്തോളമായി നടത്തുന്ന നിസ്വാർഥമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ നേടിയെടുത്ത സൽപേര് കളങ്കപ്പെടുത്തുകയും തന്റെയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു സി.പി.എം സെക്രട്ടറിയുടെ പരാതി. നേരത്തേ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വപ്നക്കെതിരെ കേസെടുത്തിരുന്നു. സ്വപ്നയുടെ ഹരജിയിൽ ഈ കേസ് ഹൈകോടതി സ്റ്റേ ചെയ്തു. സ്റ്റേ നീക്കാൻ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.