'ആളുകളെ സഹായിക്കുന്നതിനുമപ്പുറം ഒരു സന്തോഷം മറ്റെവിടെയും കണ്ടെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. മറ്റുള്ളവർക്കുകൂടി വേണ്ടി ജീവിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഒരു അനിവാര്യതയായി ഞാൻ കരുതുന്നു. കഷ്ടതയിൽ കഴിയുന്നവർക്ക് എന്നെ വിളിക്കാം. അവർ എവിടെയായിരുന്നാലും ഞാൻ ഓടിയെത്തും...’ഡയാന രാജകുമാരിയുടെ ലോകപ്രശസ്തമായ വരികളാണിത്.
ജീവിതത്തിൽ ഏറെ പ്രയാസത്തിലൂടെ നടന്നു നീങ്ങുന്നവരെ ചേർത്തുനിർത്താനുള്ള മനസ്സുണ്ടാവുക എന്നത് ദൈവതുല്യമാണെന്ന് പലരും പറയാറുണ്ട്. ഇവിടെ ഈ വാക്കുകൾ പ്രസക്തമാകുന്നത് ഡോ. അനന്തു എന്ന 27കാരന്റെ സഹാനുഭൂതിക്കും നിശ്ചയദാർഢ്യത്തിനും മുന്നിലാണ്. വളരെ ചെറിയ പ്രായത്തിൽതന്നെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ എജുക്കേഷൻ ഇൻഡസ്ട്രിയുടെ ഭാഗമാക്കി സൈലം എന്ന എജുക്കേഷൻ പ്ലാറ്റ്ഫോമിനെ വളർത്തിയെടുത്ത അനന്തു ഇന്ന് സാമൂഹിക പ്രതിബദ്ധത മുൻനിർത്തി പുതിയ പദ്ധതിയുമായി എത്തുകയാണ്. ‘മൈ ഹാപ്പിനസ് പ്രോജക്ട്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്കുപിന്നിൽ ഡോ. അനന്തുവിന് പറയാൻ ഏറെയുണ്ട്.
2015ലാണ് ഞാൻ എം.ബി.ബി.എസ് പഠനം തുടങ്ങുന്നത്. കഠിനാധ്വാനം ചെയ്തുതന്നെയാണ് ഇന്ന് ഈ നിലയിലെത്തിയത്. പഠിക്കുന്ന സമയത്ത് സ്വന്തമായി വീടുപോലും ഞങ്ങൾക്കുണ്ടായിരുന്നില്ല. ഒരുപാടുപേർ സഹായിച്ചതുകൊണ്ടു മാത്രമാണ് പഠനം മുന്നോട്ടുകൊണ്ടുപോകാനും സ്വന്തമായി ഒരു വീടുണ്ടാക്കാനും കഴിഞ്ഞത്. അതുകൊണ്ട് ബുദ്ധിമുട്ടുകൾ എത്രത്തോളമാണെന്ന് എനിക്ക് നന്നായി അറിയാം. ഈ ഒരു അവസ്ഥയിലൂടെ കടന്നുപോയതുകൊണ്ടുതന്നെ സഹായം ആവശ്യമുള്ളവരെ ചേർത്തുപിടിക്കണമെന്ന തോന്നൽ എന്നും മനസ്സിലുണ്ടായിരുന്നു. ആ തോന്നലിൽനിന്നു തന്നെയാണ് ‘ഹാപ്പിനസ് പ്രോജക്ട്’ പിറവിയെടുത്തതും.
ഷെൽട്ടർ അഥവാ പാർപ്പിടം, അതാണ് ഹാപ്പിനസ് പ്രോജക്ടിലെ ഒന്നാമത്തെ കാര്യം. വീടില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് സുരക്ഷിതമായ പാർപ്പിട സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി. 500 വീടുകളെങ്കിലും ഇത്തരത്തിൽ നിർമിച്ചുനൽകണമെന്നാണ് ആഗ്രഹം. ഈ പ്രോജക്ടിന്റെ ഭാഗമായി ആദ്യ താമസ സൗകര്യം ഇതിനോടകം ഒരുക്കുകയും ചെയ്തു. ആനന്ദ് എന്ന കൊച്ചി കതൃക്കടവിലെ വിദ്യാർഥിക്കാണ് വീട് നൽകിയത്. അവന്റെ പഠനം മുഴുവനായി സൈലത്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തുകഴിഞ്ഞു. ഒരു കുടുംബത്തിനെ ‘സ്വന്തമായി ഒരു വീട്’ എന്ന യാഥാർഥ്യത്തിലേക്ക് എത്തിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ, ആ സന്തോഷംതന്നെയാണ് ഈ ആശയത്തിനുപിന്നിൽ.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതാണ് ഈ പദ്ധതി. ഈ പദ്ധതിയിലൂടെ സ്കൂളുകളിൽ നൂതന പഠന സംവിധാനങ്ങൾ വരെ ഒരുക്കും. വിദ്യാലയങ്ങളയും വിദ്യാർഥികളെയും ഏറ്റെടുക്കുന്ന പദ്ധതി കൂടിയാണിത്. സാമ്പത്തികമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും വിദ്യാഭ്യാസം ലഭിക്കാതെ പോകരുത് എന്നതുതന്നെയാണ് ലക്ഷ്യം. ഇതിനോടകംതന്നെ അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ആരോഗ്യരംഗത്താണ് മറ്റൊരു കാൽവെപ്പു നടത്തുന്നത്. ചികിത്സക്ക് പണമില്ലാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ഇതിന്റെ പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. പലർക്കും ഇതിനോടകംതന്നെ ചികിത്സക്ക് ആവശ്യമായ തുക നൽകിക്കഴിഞ്ഞു. ഇതുകൂടാതെ കലാരംഗത്ത് കഴിവുപ്രകടിപ്പിക്കുന്ന, ഭിന്നശേഷിക്കാരായ 150 ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പെയിന്റിങ് പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. ‘ഡ്രീം ഓഫ് അസ്’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ പ്രദർശനം. ഹാപ്പിനസ് പ്രോജക്ടുമായി ചേർന്നായിരിക്കും ഈ പരിപാടി നടക്കുക. അവർക്ക് ആരോഗ്യ സുരക്ഷക്കൊപ്പം ഒരു പ്രോത്സാഹനംകൂടി നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല എക്സിബിഷനിലൂടെ കിട്ടുന്ന മുഴുവൻ തുകയും ഇവർക്ക് നൽകുകയും ചെയ്യും.
എല്ലാവരും എന്നും സന്തോഷത്തോടെയിരിക്കണം എന്നതാണ് ആഗ്രഹം. ആ ആഗ്രഹത്തിൽനിന്നാണ് ഹാപ്പിനസ് പ്രോഗ്രാം എന്ന ആശയം വന്നത്. പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ സന്തോഷം ഇല്ലാതായി പോയവരുണ്ട്. അവരിൽ കഴിയുന്നത്രപേർക്ക് ഈ പ്രോജക്ട് വഴി സന്തോഷവും സമാധാനവും എത്തിച്ചുനൽകണം. ഉദാഹരണത്തിന് ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് പോലുള്ള വിശേഷ ദിവസങ്ങൾ ആഘോഷിക്കാൻ കഴിയാത്തവർക്ക് അതിനുള്ള വഴി തുറക്കും. അവർക്ക് പുത്തൻ ഉടുപ്പുകളും സമ്മാനങ്ങളും നല്ല ഭക്ഷണവുമടക്കം എല്ലാം ലഭ്യമാക്കും. ഈ മാസം അവസാനം ഞങ്ങൾ പ്രായമായവർക്കായി ഒരു വിനോദയാത്ര പ്ലാൻ ചെയ്യുന്നുണ്ട്. 14 ജില്ലകളിലും ഇത് നടക്കും. എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ ഇരിക്കണം, എന്നും...
ഹാപ്പിനസ് പ്രോജക്ട് നടപ്പാക്കാൻ വലിയൊരു ടീംതന്നെ എന്നോടൊപ്പമുണ്ട്. ഞങ്ങളെല്ലാവരും ചേർന്ന് ഈ പ്രോജക്ട് വിജയത്തിൽ എത്തിക്കുകയും ചെയ്യും. ഇത് എന്റെ ആത്മവിശ്വാസമാണ്. ഒരാളുടെ മുഖത്ത് നമ്മൾ കാരണം ഒരു സന്തോഷമുണ്ടാകുമ്പോൾ അതിനപ്പുറം മറ്റൊന്നില്ല. അതുകൊണ്ടുതന്നെ ഹാപ്പിനസ് പ്രോജക്ട് വൻ വിജയമാക്കിത്തന്നെ മാറ്റും എന്നത് എന്റെ ഉറപ്പാണ്.
‘സൈല’ത്തിന്റെ സി.ഇ.ഒ പദവിയിലിരിക്കുന്ന ഡോ. അനന്തുവിന്റെ നിശ്ചയദാർഢ്യത്തിനുമുന്നിൽ ഏത് സ്വപ്നങ്ങളും തലകുനിക്കുമെന്നുറപ്പ്. അതോടൊപ്പം ലക്ഷക്കണക്കിന് ആളുകൾക്ക് പുഞ്ചിരിയുള്ള പ്രഭാതങ്ങൾ സമ്മാനിക്കാനും ഈ യുവാവിന്റെ പദ്ധതികൾവഴി സാധിക്കും. ജോലിക്കൊപ്പം സാമൂഹിക സേവനത്തിന് സമയം കണ്ടെത്താൻ മറ്റുള്ളവർക്ക് പ്രചോദനമായി മാറുക കൂടിയാണ് ഡോ. അനന്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.