അധ്യാപക വിദ്യാർഥി ബന്ധത്തിന്‍റെ മനോഹരമായൊരു കഥയാണിനി പറയാൻ പോകുന്നത്. സ്കൂൾ കഴിഞ്ഞ് കുട്ടികൾ എല്ലാവരും പോയിട്ടും അവിടെതന്നെ നിന്ന തന്‍റെ വിദ്യാർഥിയോട് ഒരു അധ്യാപിക ചോദിക്കുന്നു ‘എന്താ നീ വീട്ടിൽ പോകുന്നില്ലേ’ എന്ന്. ‘എനിക്ക് പോകാൻ വീടില്ല ടീച്ചറേ’ എന്നായിരുന്നു വിദ്യാർഥിയുടെ ഉത്തരം. ആ ഉത്തരം നൽകിയ നീറ്റലിൽ നിന്ന് തന്‍റെ പ്രിയ ശിഷ്യന് സ്വന്തമായൊരു വീടുണ്ടാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു ആ അധ്യാപിക. അവസാനം ആ പ്രയത്നങ്ങൾ ഫലം കണ്ടിരിക്കുന്നു.
ഷാഹിലിന്‍റേയും നബീല ടീച്ചറിന്റേയും കഥ
ഈ കഥ നടക്കുന്നത് തിരുവിഴാംകുന്ന് എ.എം.എൽ.പി. സ്കൂളിലാണ്. സ്കൂൾ വിട്ട് എല്ലാ കുട്ടികളും വീടുകളിലേയ്ക്ക് മടങ്ങിയിട്ടും നാലാം ക്ലാസുകാരൻ ഷാഹിൽ മാത്രം പോകാതെ നിൽക്കുന്നതുകണ്ടാണ് ദിവസവേതനത്തിന് അവിടെ ജോലിചെയ്തിരുന്ന നബീല ടീച്ചർ അവനോട് ആ ചോദ്യം ചോദിച്ചത്, ‘എന്താ നീ വീട്ടിൽ പോകാത്തത്?’. ടീച്ചറുടെ ചോദ്യത്തിന് ആ കുട്ടി നൽകിയ മറുപടി ‘എനിക്ക് പോകാൻ വീടില്ല ടീച്ചറേ’ എന്നായിരുന്നു. ഈ ഉത്തരം ഒരു നൊമ്പരമായതോടെ ടീച്ചർ വിശദമായി കാര്യങ്ങൾ അന്വേഷിച്ചു.
ഉപ്പയുടെ മരണംവരെ വാടക വീട്ടിൽ ആയിരുന്നു ഷാഹിലും ഉമ്മയും സഹോദരിയും താമസം. ഷാഹിലിന്റെ ഉമ്മ മുണ്ടൂർ യതീം ഖാനയിൽ പാചകം ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. ഉപ്പ മരിച്ചതോടെ ഷാഹിലിന്‍റെ ജീവിതം ഈ യത്തീംഖാനയിലായി. ഷാഹിലിന് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു അനിയത്തി കൂടിയുണ്ട്. പെൺകുട്ടികൾ മാത്രം താമസിക്കുന്ന ഇടമാണ് മുണ്ടൂരിലേത്. അവിടെ ഷാഹിൽ മാത്രമാണ് ആൺകുട്ടിയായുള്ളത്. അതുകൊണ്ട് തന്നെ അവന് അവിടന്ന് മാറേണ്ടിവന്നു. യതീംഖാനയിൽ നിന്നിറങ്ങിയതിന് പിന്നാലെ ഒരു പള്ളിയിലായിരുന്നു അവന്റെ ജീവിതം.
നബീല ടീച്ചറിന്‍റെ പ്രയത്നങ്ങൾ
ഷാഹിലിന്‍റെ ഉത്തരം ടീച്ചറുടെ മനസിൽ ഒരു നോവായി. പിന്നീടുള്ള ടീച്ചറിന്‍റെ പരിശ്രമം അവന് ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടിയായിരുന്നു. കുടുംബ ഗ്രൂപ്പുകളിലും, സഹപാഠി ഗ്രൂപ്പുകളിലും, സുഹൃത്ത് ഗ്രൂപ്പുകളിലും നബീല ടീച്ചർ തന്റെ വിദ്യാർഥിയുടെ ദുരിതം പങ്കുവെച്ചു. സമൂഹ മാധ്യമങ്ങളിലും ഷെയർ ചെയ്തതോടെ സഹായ ഹസ്തവുമായി നിരവധിപേർ മുന്നോട്ട് വന്നു.
മുണ്ടൂർ യതീംഖാന കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ വാങ്ങി നൽകിയ അഞ്ച് സെന്റ് സ്ഥലത്തു അങ്ങനെ ഷാഹിലിനും കുടുംബത്തിനുമായി സ്വപ്നഭവനം ഉയർന്നു. വീട് പണിക്ക് മേൽനോട്ടം നൽകിയതും എല്ലാ കാര്യങ്ങളും നോക്കിയതും നബീല ടീച്ചർ തന്നെയായിരുന്നു. ടീച്ചറിന്റെ ഭർത്താവും പിതാവും ബന്ധുക്കളും സർവ്വ പിന്തുണയുമായി ഒപ്പം നിന്നു. ആറ് മാസം കൊണ്ട് വീടിന്റെ പണി പൂർത്തിയാക്കി.
അവൻ എന്‍റെ മകനെപ്പോലെ
ഒരു ടീച്ചർക്ക് അവർ പഠിപ്പിക്കുന്ന കുട്ടികളെല്ലാം തന്നെ അവരുടെ സ്വന്തം മക്കളെപ്പോലെയാണ്. തന്റെ മക്കളിലൊരാൾ കയറിക്കിടക്കാനൊരിടമില്ലാതെ, സ്വന്തബന്ധങ്ങളെ പിരിഞ്ഞ് ജീവിയ്ക്കുന്നത് കണ്ടപ്പോഴാണ് നബീല ടീച്ചറുടെ ഉള്ള് പിടഞ്ഞത്. ഷാഹിലിന്റെ ഉമ്മയുടെ ചിത്രമാണ് തന്റെ മനസിൽ ആദ്യം തെളിഞ്ഞതെന്ന് നബീല ടീച്ചർ പറയുന്നു “ ആ ഉമ്മയുടേത് വല്ലാത്തൊരു നിസ്സഹായാവസ്ഥയാണ്. അവിടെ നിന്നാണ് ഒരു വീടെന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചത്’. ഇപ്പോൾ കേൾക്കുന്നവരുടെയെല്ലാം ഹൃദയം കവരുകയാണ് ഷാഹിലും നബീല ടീച്ചറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.