തിരുവനന്തപുരം: കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍റെ 'നന്ദിനി' പാൽ കേരള വിപണിയിൽ സജീവമാകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി. കേരളത്തിൽ കൂടുതൽ നന്ദിനി വിൽപന കേന്ദ്രങ്ങൾ തുറക്കുന്നത് നിർത്തിവെക്കാൻ കർണാടക സർക്കാർ തീരുമാനിച്ചെന്ന് നന്ദിനി സി.ഇ.ഒ അറിയിച്ചു. ദേശീയ ക്ഷീരവികസന ബോർഡ് വിഷയത്തിൽ ഇടപെട്ടതായും കൂടുതൽ ചർച്ചകൾക്കായി മിൽമ ചെയർമാൻ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തെ കർണാടകയിലേക്ക് അയക്കുമെന്നും സംസ്ഥാന ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കർണാടകയിലെ ഭരണമാറ്റമാണ് നന്ദിനിയുടെ കാര്യത്തിൽ കേരളത്തിന് അനുകൂലമായതെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. നന്ദിനിയുടെ തലപ്പത്ത് ബി.ജെ.പി മാറി ഇപ്പോൾ കോൺഗ്രസ് വന്നിട്ടുണ്ട്. ആ സാഹചര്യത്തിൽ കേരളത്തിൽ നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങുമെന്ന തീരുമാനം അവർ മാറ്റി വെച്ചതായി അറിയിച്ചിട്ടുണ്ട്. അത് രേഖാമൂലം അറിയിച്ചു കൊണ്ട് നന്ദിനിയുടെ സി.ഇ.ഒയിൽ നിന്നും അറിയിപ്പ് വന്നിട്ടുണ്ട്. അതിനാൽ നന്ദിനിയുടെ പാല് നമുക്ക് വേണ്ട. കേരളത്തിന് മിൽമയുണ്ട് -മന്ത്രി പറഞ്ഞു.
അതിർത്തി കടന്നുള്ള പാൽവിൽപനയെ ചൊല്ലി നന്ദിനി-മിൽമ തർക്കം രൂക്ഷമാവുന്നതിനിടെയാണ് പ്രശ്നത്തിന് പരിഹാരമായിരിക്കുന്നത്. കർണാടക ബ്രാൻഡായ നന്ദിനി കേരളത്തിൽ പാൽവിൽപനക്ക് ഔട്ട്ലെറ്റുകൾ തുറക്കുന്നതിനെതിരെ മിൽമ എതിർപ്പ് ശക്തമാക്കിയിരുന്നു. കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും ഔട്ട്ലെറ്റുകൾ തുറന്ന നന്ദിനി, കൂടുതൽ ഇടങ്ങളിലേക്ക് പാൽവിൽപന വ്യാപിപ്പിക്കാനായിരുന്നു നീക്കം.
സഹകരണ തത്ത്വങ്ങൾക്കും അടിസ്ഥാന മൂല്യങ്ങൾക്കും എതിരാണ് നന്ദിനിയുടെ നടപടിയെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി ചൂണ്ടിക്കാട്ടിയിരുന്നു. പാൽ ഒഴികെയുള്ള ഉൽപന്നങ്ങൾ കേരളത്തിൽ വിൽക്കുന്നതിന് മിൽമ എതിരല്ല. ക്ഷീരകർഷകർക്ക് ദോഷകരമായ നീക്കമാണ് നന്ദിനിയുടെ കേരളത്തിലെ പാൽ വിൽപന. പാലുൽപാദനം കുറവുള്ള സമയങ്ങളിൽ രണ്ട് ലക്ഷം ലിറ്റർ വരെ പാൽ നന്ദിനിയിൽനിന്ന് മിൽമ വാങ്ങുന്നുണ്ട്. സീസണിൽ നന്ദിനിയുടെ സഹായത്തോടെയാണ് മിൽമ പാൽ വിപണനം ഉറപ്പുവരുത്തുന്നത് എന്നിരിക്കെ, മിൽമയുടെ പ്രവർത്തനമേഖലയിലേക്ക് പ്രവേശിക്കാനുള്ള നന്ദിനിയുടെ നീക്കം പരസ്പരധാരണയുടെ ലംഘനമാണെന്നും മിൽമ ചെയർമാൻ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പാൽവിപണന രംഗത്തെ ഒന്നാമനായ ഗുജറാത്ത് ബ്രാൻഡ് അമുലും രണ്ടാം സ്ഥാനക്കാരായ നന്ദിനിയും തമ്മിലുള്ള മത്സരം കർണാടകയിൽ രാഷ്ട്രീയ വിവാദമായി വളരുന്നതിനിടെയാണ് കേരളത്തിൽ വിപണിയിൽ സജീവമാകാൻ നന്ദിനി തീരുമാനിച്ചത്. കർണാടക കോഓപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍റെ പാലും പാലുൽപന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാൻഡിൽ വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.