ശ്രീനാരായണ ഗുരു ദേശസ്​നേഹത്തിന്​ ആത്​മീയ മാനം നൽകി -പ്രധാനമന്ത്രി

ന്യൂഡൽഹി: 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന ശ്രീനാരായണ ഗുരുവിന്‍റെ പ്രബോധനം ദേശസ്നേഹത്തിന് ആത്മീയമാനം നല്‍കിയെന്ന്​ പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. ഭാരതീയത എന്ന ഒരു ജാതിയും സേവനത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും ഒരു മതവും ഭാരത മാതാവ് എന്ന ഒരേയൊരു ദൈവവും മാത്രമേ നമുക്കുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തന്‍റെ മണ്ഡലം കൂടിയായ വാരാണസിയിലെ ശിവ്​ നഗരിയോട്​ വർക്കലയിലെ ശിവഗിരിയെ പ്രധാനമന്ത്രി ഉപമിക്കുകയും ചെയ്തു.

ശിവഗിരി തീർഥാടനത്തിന്‍റെ 90ാം വാര്‍ഷികത്തി​ന്‍റെയും ബ്രഹ്‌മ വിദ്യാലയത്തിന്‍റെ സുവര്‍ണ ജൂബിലിയുടെയും ഒരുവര്‍ഷം നീളുന്ന സംയുക്ത ആഘോഷ പരിപാടികൾ തന്‍റെ ഔ​ദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. 10 വര്‍ഷത്തിനുള്ളില്‍ ശിവഗിരി തീർഥാടനവും 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യവും ശതാബ്ദി ആഘോഷിക്കുമെന്നും മോദി പറഞ്ഞു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സർക്കാറിൽ കേരളത്തില്‍നിന്ന് ഒരു പ്രതിരോധ മന്ത്രി ഉണ്ടായിട്ടും ഉത്തരാഖണ്ഡ്-കേദാര്‍നാഥ് ദുരന്തകാലത്ത്​ ശിവഗിരി മഠം, ഗുജറാത്ത് മുഖ്യമന്ത്രിയായ തന്നോട്​ സന്ന്യാസിമാരെ സഹായിക്കാന്‍ ആവശ്യപ്പെട്ടത്​ മോദി അനുസ്മരിച്ചു.

ഗുരു പരിപൂര്‍ണ ചിന്തകനും പ്രായോഗിക പരിഷ്‌കര്‍ത്താവുമായിരുന്നു. ജാതിയുടെ പേരില്‍ അരങ്ങേറിയ വിവേചനത്തിനെതിരെ യുക്തിസഹവും പ്രായോഗികവുമായ പോരാട്ടമാണ് ഗുരു നടത്തിയത്. സ്വാതന്ത്ര്യസമര നായകന്മാർ ഗുരുവുമായി കൂടിക്കാഴ്ച നടത്തി. രവീന്ദ്രനാഥ ടാഗോര്‍, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഗുരുവിനെ സന്ദര്‍ശിച്ചു.

ശ്രീനാരായണഗുരു ആധുനികതയെക്കുറിച്ച് സംസാരിച്ചുവെങ്കിലും അദ്ദേഹം ഭാരതീയ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കുകയും ചെയ്​തുവെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ഒരു വര്‍ഷം നീളുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും മോദി നിര്‍വഹിച്ചു. ശിവഗിരി മഠത്തിലെ സന്ന്യാസിമാരും കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - narendra modi sivagiri mut inagural speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.