താനൂർ: താനാളൂർ അരീക്കാട് വടക്കേതിൽ ഏന്തുഹാജിയും ഭാര്യ കുഞ്ഞായിശയും കരിപ്പൂരിൽനിന്ന് ഷാർജയിലേക്ക് വിമാനം കയറുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല, വിമാനത്തിന്റെ നിയന്ത്രണമേറ്റെടുത്ത് കോക്പിറ്റിലുള്ളത് തങ്ങളുടെ പ്രിയപ്പെട്ട കൊച്ചുമകനാണെന്ന്. ആ സ്വപ്നതുല്യ നിമിഷം നേരിട്ടനുഭവിച്ചതിന്റെ ത്രില്ലിലാണ് എൺപത്തിയെട്ടും എഴുപത്തെട്ടും വയസ്സുള്ള ഇവർ.
ഷാർജയിൽ താമസിക്കുന്ന ഇവരുടെ മകൾ സമീറയുടെയും സി.പി. നാസറിന്റെയും മകൻ അഹമ്മദ് നസീമായിരുന്നു ആ പൈലറ്റ്. ‘നസി’ എന്ന് വിളിക്കുന്ന നസീം പഠിക്കുന്നത് പൈലറ്റാകാനാണെന്നറിഞ്ഞത് മുതൽ മനസ്സിലുള്ള ആഗ്രഹം പലപ്പോഴായി കൊച്ചുമകനോട് ഇവർ പങ്ക് വെക്കാറുണ്ടായിരുന്നു. ‘നീ പറത്തുന്ന വിമാനത്തിൽ കയറി ഒന്ന് ഗൾഫിലേക്ക് പോകണ’മെന്ന വല്യുമ്മയുടെ വാക്കുകൾ നസീം ഹൃദയത്തിൽ സൂക്ഷിച്ചു. പൈലറ്റ് ലൈസൻസ് നേടി എയർ അറേബ്യയിൽ ജോലിയിൽ പ്രവേശിച്ച ശേഷം ആദ്യ യാത്ര തന്നെ കരിപ്പൂരിൽനിന്ന് ഷാർജയിലേക്കുള്ളതായിരുന്നു.
മനസ്സിൽ സൂക്ഷിച്ച ആഗ്രഹം അറിയിച്ചതോടെ എയർ അറേബ്യ ഉദ്യോഗസ്ഥർ പിന്തുണയുമായി കൂടെനിന്നു. ഉമ്മയെ പോലും അറിയിക്കാതെയായിരുന്നു വല്യുപ്പക്കും വല്യുമ്മക്കും ടിക്കറ്റും വിസയും ശരിയാക്കിയത്. മുൻനിരയിൽ തന്നെ ഇരിപ്പിടവും വീൽ ചെയറടക്കമുള്ള സൗകര്യങ്ങളും ഒരുക്കി.
ഏറെ വിദേശയാത്രകൾ ചെയ്തിട്ടുള്ള ഏന്തുഹാജിക്കും കുഞ്ഞായിശക്കും വിമാനയാത്ര ആദ്യ അനുഭവമല്ലെങ്കിലും ഈ പ്രായത്തിൽ കൂടെയാരുമില്ലാതെ പോകേണ്ടി വരുന്നതിലുള്ള വിഷമമുണ്ടായിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള അനൗൺസ്മെന്റിനോടൊപ്പം ഈ വിമാനത്തിൽ എന്റെ വല്യുപ്പയും വല്യുമ്മയുമുണ്ടെന്ന് കൂടി നസീം പറഞ്ഞതോടെയാണ് ഇരുവരും തങ്ങളുടെ കൊച്ചുമകനാണ് പൈലറ്റെന്നറിയുന്നത്.
പ്രാർഥന പോലെ പുലർന്ന ആകാശയാത്രയുടെ അമ്പരപ്പിൽ നിൽക്കുകയായിരുന്ന ഇരുവരെയും അനൗൺസ്മെന്റ് കേട്ട സഹയാത്രികർ ഹർഷാരവത്തോടെ സ്വീകരിച്ചു. ഷാർജയിൽ സംഗീതാധ്യാപകനാണ് നസീമിന്റെ പിതാവ് ഒഴൂർ അയ്യായ ചോലക്കപ്പുളിക്കപ്പറമ്പിൽ നാസർ. കുടുംബസമേതം ഷാർജയിലാണ് താമസം. നസീമിന്റെ വിദ്യാഭ്യാസം അവിടെയായിരുന്നു. ഷാർജയിൽ ആർക്കിടെക്ടായ ഷാന നസ്റിനും വിദ്യാർഥിനി ഷാദിയയുമാണ് സഹോദരിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.