കൊച്ചി: അനാചാര-അന്ധകാര നിബിഡമായിരുന്ന ഒരു കാലഘട്ടത്തിലെ ആശയങ്ങൾ തിരികെക്കൊണ്ടുവരാനുള്ള ഒളിയജണ്ടയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖയിൽ കാണുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ജനകീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സംസ്ഥാനതല ജനകീയ വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താഴെത്തട്ടിലുള്ളവർക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്തെയാണ് കേന്ദ്രസർക്കാർ പുനരാവിഷ്കരിക്കാൻ ശ്രമിക്കുന്നത്. അസമത്വവും അന്ധവിശ്വാസങ്ങളും നിറഞ്ഞ നയസമീപനമാണ് വിദ്യാഭ്യാസ നയരേഖയിലേത്. ഒഴിവാക്കലിന്റെ രാഷ്ട്രീയമാണ് അടിമുടി കാണാനാകുന്നത്. മതനിരപേക്ഷതയെ ഭാരമായാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം കാണുന്നത്. മുസ്ലിംകളെ വേട്ടയാടുന്നത് അനുദിനം കാണുന്നു.
മുസ്ലിം നാമങ്ങൾ നഗരങ്ങളിൽനിന്നും നിർമിതികളിൽനിന്നുമൊക്കെ തുടച്ചുമാറ്റുന്നു. അത്തരമൊരു തമസ്കരണം പാഠപുസ്തകങ്ങളിലേക്കും വരുന്നത് അപകടകരമാണ്. മുഗൾ വംശത്തിന്റെ കാലം പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ടാൽ ചരിത്രത്തിലെ ഒരു ദീർഘകാലം തമോഗർത്തമായി അവശേഷിക്കും.
മുസ്ലിം ജനത സമൂഹത്തിന് നൽകിയ സംഭാവനകൾ തമസ്കരിക്കപ്പെടുന്നു. ശക്തമായ ഇടപെടൽ നടത്തി പൊതുവിദ്യാഭ്യാസ മേഖലയെ അക്കാദമികമായും അടിസ്ഥാനപരമായും മികവുറ്റതാക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
ഡോ. കെ.ജി. പൗലോസ് അധ്യക്ഷതവഹിച്ചു. ജനാധിപത്യ മഹിള അസോ. സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി, ഡോ. എം.എസ്. മുരളി, ഡോ. എ.യു. അരുൺ, ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, ജോൺ ഫെർണാണ്ടസ്, പുഷ്പദാസ്, കെ.എസ്. അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.