ഹരിപ്പാട്: ദേശീയപാതക്ക് ഏറ്റെടുക്കുന്ന ക്ഷേത്രഭൂമിയിലെ നിർമിതികൾക്കുള്ള നഷ്ടപരിഹാരം സ്വീകരിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. നഷ്ടപരിഹാരത്തുക കൈമാറേണ്ട ബാങ്ക് അക്കൗണ്ട് ഉൾപ്പെടെ വിവരങ്ങൾ അടുത്തദിവസം കൈമാറുമെന്ന് ദേവസ്വം ബോർഡ് കമീഷണർ പറഞ്ഞു.
മാസങ്ങളായി ഇതുസംബന്ധിച്ച് ദേവസ്വം ബോർഡും ദേശീയപാത അതോറ്റിയും തമ്മിൽ നടന്ന തർക്കത്തിനൊടുവിലാണിത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ഭൂമി സർക്കാർ പുറമ്പോക്കായാണ് രേഖകളിലുള്ളത്. ഭൂമി ഏറ്റെടുക്കൽ ചട്ടപ്രകാരം പുറമ്പോക്കുകൾ വില നൽകാതെ ഏറ്റെടുക്കാം. ഇതനുസരിച്ച്, ദേവസ്വം ഭൂമിക്കൊപ്പം സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിക്കും നഷ്ടപരിഹാരം ലഭിക്കില്ല.
നഷ്ടപരിഹാരം കിട്ടാതെ ഭൂമി വിട്ടുകൊടുക്കില്ലെന്ന കർശന നിലപാടാണ് ബോർഡ് സ്വീകരിച്ചത്. ഇതോടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനായില്ല. സർക്കാർ നിർദേശത്തെ തുടർന്നാണ് ബോർഡ് നിലപാട് മാറ്റിയതെന്നറിയുന്നു. നഷ്ടപരിഹാരം സ്വീകരിക്കുമെങ്കിലും വിഷയത്തിൽ നിയമനടപടികൾ തുടരാനാണ് ബോർഡിന്റെ തീരുമാനം.
ക്ഷേത്രംവക ഭൂമിക്കു പണം നൽകില്ലെങ്കിലും കെട്ടിടങ്ങൾ, അലങ്കാര ഗോപുരങ്ങൾ, കുളങ്ങൾ, മതിലുകൾ തുടങ്ങിയ നിർമിതികൾക്കാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. ആറുമാസം മുമ്പ് ജില്ലയിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നു. തുക കൈമാറാനുള്ള ബാങ്ക് അക്കൗണ്ട് ഹാജരാക്കാൻ നിർദേശം നൽകിയപ്പോഴാണ് ഭൂമിക്കും പണം വേണമെന്ന് ബോർഡ് ആവശ്യപ്പെട്ടത്.
ഈ ആവശ്യവുമായി ബോർഡ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ഇതനുസരിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ വിവിധ ജില്ലകളിലെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ദേവസ്വം ബോർഡിനു കത്തുനൽകി. എന്നാൽ, ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ബോർഡിനു കഴിഞ്ഞില്ല. നഷ്ടപരിഹാരം സ്വീകരിക്കാൻ ബോർഡ് തയാറായില്ലെങ്കിൽ ജില്ല കോടതിയിൽ തുക കെട്ടിവെച്ചശേഷം ഭൂമി ഏറ്റെടുക്കാനും കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും ദേശീയപാത അതോറിറ്റി തീരുമാനിച്ചിരുന്നു. ആലപ്പുഴ ജില്ലയിൽ ഇതിനുള്ള നടപടി ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് ദേവസ്വം ബോർഡ് നിലപാട് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.