തിരൂരങ്ങാടി (മലപ്പുറം): വീടും ഭൂമിയും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങളെ അടിച്ചൊതുക്കി തലപ്പാറ, വലിയപറമ്പ് ഭാഗങ്ങളിൽ സർവേ പൂർത്തിയാക്കി. കല്ലേറും കണ്ണീർവാതകവുമൊക്കെയായി ദേശീയപാത മണിക്കൂറുകൾ യുദ്ധക്കളമായി. ഒരു ഭാഗത്ത് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം നടക്കവേ മറുഭാഗത്ത് ഉദ്യോഗസ്ഥർ സർവേ തുടർന്നു.
വലിയപറമ്പ്, അരീത്തോട് ഭാഗങ്ങളിൽ സർവേ നടക്കുമെന്നറിഞ്ഞതോടെ രാവിലെ മുതൽ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം സമരസമിതിയുടെ നേതൃത്വത്തിൽ അരീത്തോട്ട് സംഘടിച്ചിരുന്നു.
അളവ് തുടങ്ങാനിരിക്കെ ദേശീയപാത ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഒരു വിഭാഗമാളുകൾ അളവ് നടക്കുന്ന വലിയപറമ്പ് ഭാഗത്തേക്ക് പ്രകടനമായെത്തി അവിടെയും നിലയുറപ്പിച്ചു. തലപ്പാറ വയൽഭാഗത്തെ അളവ് പൂർത്തിയാക്കി 10.45ഓടെ ഉദ്യോഗസ്ഥർ വലിയപറമ്പിലെ ജനവാസ കേന്ദ്രത്തിൽ കടന്നതോടെ പ്രതിഷേധക്കാർ തടയുകയായിരുന്നു. തുടർന്ന് ബഹളമായി.
ഇതോടെ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസിന് നിയന്ത്രണം വിട്ടു. പരിസരത്തെ വീടുകളിൽ ഇരച്ചുകയറി ലാത്തികൊണ്ടടിച്ചു. വീടിനകത്തേക്ക് ഓടിക്കയറി വാതിലടച്ചവരെ പിന്തുടർന്നെത്തിയ പൊലീസ് മുൻവശത്തെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. ജനൽചില്ല് തകർത്തു. സ്ത്രീകളും കുട്ടികളും ഭയന്ന് നിലവിളിച്ചു. പ്രതിഷേധം ശക്തമായതോടെ സംഘർഷം അരീത്തോട് ഭാഗങ്ങളിലേക്കും വ്യാപിച്ചു.
തുടർന്ന് 11ഒാടെ പ്രതിഷേധക്കാർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി. റോഡിൽ സംഘടിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ വീണ്ടും കല്ലേറ് നടത്തി. വഴിയാത്രക്കാരെയും പോലീസ് വെറുതെ വിട്ടില്ല. ചിലരെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.