നിലമ്പൂർ: വഴിക്കടവ് മുണ്ടയിൽ നടക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണ ഭാഗമായി നിലമ്പൂരിൽ സംഘടിപ്പിച്ച വിളംബര റാലിയിൽ ഗോത്രവിദ്യാർഥികളെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിഷേധം. കുട്ടികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രധാനാധ്യാപികക്ക് കത്ത് നൽകിയ നിലമ്പൂർ നഗരസഭ ചെയർമാനെതിരെ നടപടിയും രാജിയും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി.
കെ.എസ്.യു നേതൃത്വത്തിൽ നിലമ്പൂരിലെ ഐ.ടി.ഡി.പി ഓഫിസറെ ഉപരോധിച്ചു. ജില്ല കലക്ടർ ചെയർമാനായി പ്രവർത്തിക്കുന്ന ഐ.ജി.എം.എം.ആർ സ്കൂളിൽ രക്ഷിതാക്കളുടെ അനുമതി ഇല്ലാതെയാണ് വിദ്യാർഥികളെ വ്യാഴാഴ്ച നടന്ന വിളംബര ജാഥയിൽ പങ്കെടുപ്പിച്ചത്. നഗരസഭയിലേക്ക് നടന്ന പ്രതിഷേധ മാർച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മൂർഖൻ മാനു അധ്യക്ഷത വഹിച്ചു. അഡ്വ. ഷെറി ജോർജ്, അമീർ പൊറ്റമ്മൽ, പട്ടിക്കാടൻ ഷാനവാസ്, സന്തോഷ്, സൈഫു ഏനാന്തി, ശിബിൽ തുടങ്ങിയവർ സംസാരിച്ചു.
ഐ.ടി.ഡി.പി ഓഫിസ് ഉപരോധം കെ.എസ്.യു ജില്ല പ്രസിഡന്റ് ഇ.കെ. അൻഷിദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ കാസിം അധ്യക്ഷത വഹിച്ചു. കെ.എസ്.യു നിയോജക മണ്ഡലം ഭാരവാഹികളായ ശാഹുൽ, അജിത്ത്, ഷിബിൽ, റോഷിൽ, നിർമൽ, ഫൻസബ് എന്നിവർ നേതൃത്വം നൽകി.
മഞ്ചേരി: നവകേരള സദസ്സിന്റെ പ്രചാരണാർഥം മഞ്ചേരിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് റാലി നടത്തിയതിനെതിരെയും മുഖ്യമന്ത്രിയുടെ വാഹനം സഞ്ചരിക്കാൻ വേദിയായ ബോയ്സ് സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചുനീക്കിയതിനെതിരെയും മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ യൂത്ത് കോൺഗ്രസ് - കെ.എസ്.യു പ്രതിഷേധം.
വിദ്യാർഥികളെ പ്രചാരണ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാനുള്ള നിർദേശം നൽകിയ എ.ഇ.ഒയുടെ നടപടി കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്നും കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കാത്തപക്ഷം ഓഫിസ് പ്രവർത്തനം സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷബീർ കുരിക്കൾ, മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, കെ.എസ്.യു നേതാവ് റിനോ കുര്യൻ, അസീബ് നറുകര, ഫജറുൽ ഹഖ്, വാജിദ് അമ്പലപ്പടി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.