കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥാനാർഥി ചർച്ചകൾ ആലങ്കാരിക ഭാഷയിൽ ചൂടുപിടിപ്പിക്കുന്നത് പതിവാണ്. എന്നാൽ, കുംഭച്ചൂടിൽ ശരിക്കും ഉരുകിയുള്ള ചർച്ചയായിരുന്നു എൻ.സി.പി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ. വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം ഹാളിലായിരുന്നു നിർണായക യോഗം. ഹാളിൽ ആവശ്യത്തിന് ഫാനുണ്ടായിരുന്നില്ല. 40ലേറെ ജില്ല നേതാക്കളെത്തിയിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രെൻറ എലത്തൂരിലെ സ്ഥാനാർഥിത്വത്തിൽ അന്തിമ ധാരണയാകുന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാഷുമെത്തി. 93 വയസ്സ് പിന്നിട്ട മാഷ് ചൂടിനെ വകവെക്കാതെ മൂന്ന് മണിക്കൂറിലേറെ നേരം യോഗം നിയന്ത്രിച്ചു. ഇടയിൽ ഇറങ്ങി വന്നവരുടെ കഞ്ഞിപ്പശ മുക്കിയ ഖദർ കുപ്പായം വിയർപ്പിലലിഞ്ഞു.
എ.സിയില്ലാത്ത ഹാളിലെ ചില്ലുവാതിലുകൾ തുറന്നിട്ടാണ് സാധാരണയായി യോഗങ്ങൾ നടത്തുന്നത്. എന്നാൽ, കാര്യങ്ങൾ രഹസ്യമായതിനാൽ അടച്ചിട്ട വാതിലിനപ്പുറത്തായിരുന്നു ചർച്ചകൾ. ഉച്ചച്ചൂടിന് രാഷ്ട്രീയത്തിനെക്കാൾ ചൂടുണ്ടായിരുന്നതിനാൽ സഹിക്കാൻ കഴിയാതെ ചിലർ ചില്ല് ജനൽവാതിൽ തുറന്നു. ജാലകം തുറന്നത് അബദ്ധമായെന്ന് പിന്നീട് നേതാക്കൾക്ക് മനസ്സിലായി. യോഗത്തിൽ ബഹളം തുടങ്ങിയ സമയമായിരുന്നു അത്. പുറത്ത് കാത്തിരുന്ന മാധ്യമപ്രവർത്തകർ ബഹളം കേട്ടെത്തി. വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യത്തിെൻറ കഥയൊക്കെ വിളിച്ചുപറഞ്ഞ് ഉച്ചത്തിലുള്ള സംസാരം അൽപനേരം തുടർന്നു.
മാധ്യമപ്രവർത്തകർ അറിഞ്ഞാലുള്ള അപകടം മണത്ത നേതാക്കൾ വീണ്ടും വാതിലടച്ചു. തെരഞ്ഞെടുപ്പല്ല, സംഘടന കാര്യങ്ങൾ ചർച്ച ചെയ്തപ്പോഴുണ്ടായ ചില വിഷയങ്ങളിലെ അഭിപ്രായവ്യത്യാസം മാത്രമായിരുന്നെന്നാണ് ടി.പി. പീതാംബരനടക്കം പിന്നീട് പറഞ്ഞത്. എൻ.സി.പി യോഗത്തിൽ ൈകയാങ്കളിയെന്ന വാർത്ത പ്രചരിച്ചതോടെ കസബ എസ്.ഐ ബിവീഷിെൻറ നേതൃത്വത്തിലും കൺട്രോൾ റൂമിൽനിന്ന് െപാലീസെത്തി.
നേതാക്കൾക്ക് അണികളുടെയും മക്കളുടെയുമെല്ലാം ഫോൺകാളുകളും പ്രവഹിച്ചു. പിന്നീട് ഒന്നര മണിക്കൂറോളം വീണ്ടും യോഗം തുടർന്നു. അൽപനേരം പുറത്തിറങ്ങിയ ടി.പി. പീതാംബരനെ മാധ്യമപ്രവർത്തകർ വളഞ്ഞെങ്കിലും ഒന്നും പറയാതെ അദ്ദേഹം തിരിച്ചുകയറി. ഒടുവിൽ വാർത്തസമ്മേളനത്തിൽ യോഗവുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങൾ മാത്രം വിശദീകരിച്ച് നേതാക്കൾ മടങ്ങി. മന്ത്രി എ.കെ. ശശീന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ, ജില്ല പ്രസിഡൻറ് മുക്കം മുഹമ്മദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.