കാഞ്ഞങ്ങാട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു മരണം സംഭവിച്ചത്. പരിക്കേറ്റ 26 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്.
ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊല്ലംപാറ സ്വദേശി ബിജു (38), രതീഷ് (32) എന്നിവർ ഞായറാഴ്ച മരണപ്പെട്ടിരുന്നു. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38) ശനിയാഴ്ച മരണപ്പെട്ടു.
കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു. വെടിപ്പുരക്കകത്തും പടക്കത്തിന് ചുറ്റിലുമായി ജനങ്ങൾ ആർപ്പുവിളികളോടെ തെയ്യം കാണുന്നതിനിടയിൽ വീണ കനൽതരിയാണ് മുഴുവൻ പടക്കവും പൊട്ടിത്തെറിക്കുന്നതിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.