നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ കേസെടുത്തു; ക്ഷേത്ര ഭാരവാഹികൾ കസ്റ്റഡിയിൽ

നീലേശ്വരം (കാസർകോട്): നീലേശ്വരം തെരു റോഡിൽ അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ എട്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റും കരുവാശ്ശേരി സ്വദേശിയുമായ ഭരതൻ, സെക്രട്ടറി ചന്ദ്രശേഖരൻ പടന്നക്കാട്, എ.വി. ഭാസ്ക്കരൻ, തമ്പാൻ, ചന്ദ്രൻ, ബാബു, ശശി അടക്കം ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷിനും എതിരെയാണ് നിലേശ്വരം പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.

നീലേശ്വരം തെരുറോഡിലെ അഞ്ഞൂറ്റമ്പലം വീരാർക്കാവ് ദേവസ്യം ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ നിയമപരമായ അനുമതിയും ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വെടിക്കെട്ട് നടത്തി വെടിപ്പുരക്ക് തീപിടിച്ച് ക്ഷേത്ര ഉത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി നൂറിൽ അധികം പേർക്ക് ഗുരുതരവും നിസാരവുമായി പരിക്കേറ്റെന്നും എഫ്.ഐ.ആറിൽ വിവരിക്കുന്നു.

10 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള നൂറിലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായെന്നും ക്ഷേത്ര മതിലിനോട് ചേർന്ന് ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. പടക്കം സൂക്ഷിച്ച സ്ഥലത്ത് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ അറിയിച്ചു.

വെടിക്കെട്ട് നടത്താൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് ജില്ല കലക്ടർ കെ. ഇമ്പശേഖരൻ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിച്ചില്ല. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ വ്യക്തമാക്കി.

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചാണ് വൻ സ്ഫോടനം നടന്നത്. തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്.

വെടി പൊട്ടിക്കുന്നതിനിടെ വെടിക്കെട്ട് പുരയിൽ തീപ്പൊരി വീണാണ് സ്ഫോടനമെന്ന് പ്രാഥമിക വിവരം. തെയ്യം കാണാൻ മുമ്പിൽ നിന്നിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്. അപകടത്തെ തുടർന്ന് പരിഭ്രാന്തരായ ജനക്കൂട്ടം ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണും പലർക്കും പരിക്കേറ്റു.

10 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള 150ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. നിലവിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

Tags:    
News Summary - Neeleswaram Fireworks Accident: Case Registered, Temple officials in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.