തിരുവനന്തപുരം: കാസർകോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ നൂറോളം പേർക്കാണ് പരിക്കേറ്റത്.
ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. അപകടവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ചന്ദ്രശേഖരന്‍, ഭരതന്‍, വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഭരതന്‍ റിട്ട. എസ്.ഐയാണ്. എ.വി. ഭാസ്‌കരന്‍, തമ്പാന്‍, ചന്ദ്രന്‍, ബാബു, ശശി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബി.എന്‍.എസ് 288 (സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം) 125 (എ), 125 (ബി) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി), സ്‌ഫോടകവസ്തു നിയമം (ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്‌ഫോടനം നടത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മൂവരെയും രാത്രി ഹോസ്ദുർഗ് മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കി. എട്ട് ക്ഷേത്ര ഭാരവാഹികളെ പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.
അപകടം അന്വേഷിക്കാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തി. ക്ഷേത്രം ഉത്സവത്തിന് പടക്കം പൊട്ടിക്കുന്നതിന് പൊലീസ് അനുമതിയോ കലക്ടറുടെ അനുമതിയോ വാങ്ങിയില്ല. ക്ഷേത്രത്തോട് ചേർന്നുനിൽക്കുന്ന ഷെഡിലാണ് പടക്കം സൂക്ഷിച്ചത്. ഇതിനടുത്തുവെച്ചാണ് പൊട്ടിച്ചത്. വെടിപ്പുരക്ക് അകത്തും പുറത്തും ജനങ്ങൾ തിങ്ങിക്കൂടിനിന്നു. പരിക്കേറ്റവരുടെ എണ്ണം ഇത്രയേറെ വർധിക്കാനുണ്ടായ കാരണവും ഇതായിരുന്നു.
ഭിന്നശേഷി നിയമപ്രകാരം ജോലി
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്.എസ് എസിലെ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ പ്രാപ്തയാകുന്ന തീയതി വരെയോ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ് എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റിന്റെ സൂപ്പര്‍ ന്യൂമററി തസ്തിക വെങ്ങാനൂര്‍ സര്‍ക്കാര്‍ മോഡല്‍ എച്ച് എസ് എസില്‍ സൃഷ്ടിക്കുക.
ദര്‍ഘാസ് അംഗീകരിക്കും
കാസർകോട് ബെല്ലൂര്‍ ഗ്രാമപഞ്ചായത്തിലേക്കുള്ള ജലനിധി കുടിവെള്ള പദ്ധതിയുടെ ബദിയഡുക്ക മുതല്‍ സുള്ള്യപടവ് വരെയുള്ള പൈപ്പ് ലൈന്‍, കെ ആര്‍ എഫ് ബിയുടെ ഡെപ്പോസിറ്റ് വര്‍ക്കായി പുനഃസ്ഥാപിക്കുന്നതിനുള്ള ദര്‍ഘാസ് അംഗീകരിക്കാന്‍ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.
മുദ്രവില ഒഴിവാക്കി
കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും 01.01.2012 മുതല്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത കൊച്ചി താലൂക്ക് തോപ്പുംപടി വില്ലേജിലെ 2.75 ഏക്കര്‍ സ്ഥലത്തിന്റെ ലീസ് ഡീഡ് റജിസ്‌ട്രേഷന് ആവശ്യമായി വരുന്ന മുദ്രവില ഒഴിവാക്കി.
അനുമതി നല്‍കി
കോഴിക്കോട് തൂണേരി വില്ലേജിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാദാപുരം ജംഗ്ഷന്‍ മുതല്‍ കക്കംവെള്ളിക്കുന്ന് ജി എല്‍ എസ് ആര്‍ വരെ നിലവിലുള്ള 200 എം എം എസി ഗ്രാവിറ്റി മെയിന്‍ മാറ്റി 200 എം എം ഡി ഐ കെ 9 പൈപ്പ് സ്ഥാപിക്കുന്നതിന് ക്വാട്ട് ചെയ്ത കരാര്‍ നല്‍കുവാന്‍ അനുമതി നല്‍കി.
ടെണ്ടര്‍ അംഗീകരിച്ചു
ഇരവിപുരം നിയോജക മണ്ഡലത്തിലെ ബി എം ആന്റ് ബി സി ടു വൈ എം സി എ റോഡ് പ്രവര്‍ത്തിക്കായി സമര്‍പ്പിച്ച ടെണ്ടര്‍ അംഗീകരിച്ചു. അങ്കമാലി നിയോജക മണ്ഡലത്തില്‍ കിഫ്ബി സഹായത്തോടെ പാര്‍ട്ട് 1 പാക്കേജ് 2 ല്‍ ഉള്‍പ്പെടുത്തി ജലവിഭവ ജോലികള്‍ക്കുള്ള ടെണ്ടര്‍ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.