തിരുവനന്തപുരം: സുപ്രീംകോടതി അനുമതി ലഭിച്ചതോടെ മെഡിക്കൽ പി.ജി കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ട കൗൺസലിങ്ങിനുള്ള ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. ജനുവരി 12 മുതൽ 17 വരെ ഒന്നാം റൗണ്ട് കൗൺസലിങ്ങിനുള്ള രജിസ്ട്രേഷൻ നടത്തുകയും ഫീസടക്കുകയും ചെയ്യാം. ജനുവരി 13 മുതൽ 17 വരെ ചോയ്സ് ഫില്ലിങ് നടത്താം. ചോയ്സ് ലോക്കിങ് 17ന് വൈകീട്ട് മൂന്ന് മുതൽ രാത്രി 11.55 വരെ നടത്താം. 22നായിരിക്കും ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക.
അലോട്ട്മെന്റ് ലഭിച്ചവർക്ക് 23 മുതൽ 28 വരെയാണ് കോളജിൽ റിപ്പോർട്ടിങ് സമയം. ഫെബ്രുവരി മൂന്ന് മുതൽ ഏഴ് വരെയാണ് രണ്ടാം റൗണ്ട് രജിസ്ട്രേഷനും ഫീസടക്കാനുമുള്ള സമയം. ഫെബ്രുവരി നാല് മുതൽ ഏഴിന് രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ് നടത്താം. ഏഴിന് വൈകീട്ട് മൂന്ന് മുതൽ രാത്രി 11.55 വരെ ചോയ്സ് ലോക്കിങ് നടത്താം. ഫെബ്രുവരി 12ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർക്ക് 13 മുതൽ 19 വരെയാണ് റിപ്പോർട്ടിങ് സമയം.
ആദ്യ രണ്ട് അലോട്ട്മെന്റിന് ശേഷം ബാക്കിയുള്ള സീറ്റിലേക്ക് മോപ് അലോട്ട്മെന്റ് തുടർന്ന് സ്ട്രേ വേക്കൻസി ഫില്ലിങ്ങും നടത്തും. ഫെബ്രുവരി 24 മുതൽ 28 വരെ മോപ് അപ് റൗണ്ടിലേക്കുള്ള രജിസ്ട്രേഷനും ഫീസടക്കലിനുമുള്ള സമയമായിരിക്കും. 25 മുതൽ 28 വരെ ചോയ്സ് ഫില്ലിങ്ങും 28ന് വൈകീട്ട് മൂന്ന് മുതൽ രാത്രി 11.55 വരെ ചോയ്സ് ലോക്കിങ്ങും നടത്താം. മാർച്ച് അഞ്ചിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആറ് മുതൽ പത്ത് വരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യാം.
സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിന് പ്രത്യേകമായി രജിസ്ട്രേഷൻ ഉണ്ടാകില്ല. മോപ് അപ് റൗണ്ടിലെ രജിസ്ട്രേഷനും ചോയ്സും തന്നെയായിരിക്കും ഈ റൗണ്ടിൽ പരിഗണിക്കുക. മുൻ റൗണ്ടുകളിൽ സീറ്റ് ലഭിക്കാത്തവരെയായിരിക്കും സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിൽ പരിഗണിക്കുക. മാർച്ച് 12ന് ഈ റൗണ്ടിലെ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ചവർക്ക് മാർച്ച് 13 മുതൽ 16 വരെയാണ് കോളജിൽ റിപ്പോർട്ട് ചെയ്യാനുള്ള സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.