നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന ബുധനാഴ്ച മുതൽ

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ സാധാരണ ടിക്കറ്റുകളുടെ വിൽപന ബുധനാഴ്ച സർക്കാർ ഓഫിസുകൾ വഴി നടത്തും. 3000 മുതൽ 100 രൂപ വരെയുള്ള ടിക്കറ്റുകൾ ലഭ്യമാണ്. പ്രിന്‍റ് ചെയ്ത ടിക്കറ്റുകളിൽ സീൽ ചെയ്യുന്നതും ഹോളോഗ്രാം പതിപ്പിക്കുന്ന ജോലികളുമാണ് പുരോഗമിക്കുന്നത്. ഇത് ചൊവ്വാഴ്ചയോടെ പൂർത്തിയാകും.

കാസര്‍കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി എന്നിവ ഒഴികെ 10 ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലും ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ടിക്കറ്റ് ലഭ്യമാകും. ആർ.ഡി.ഒ ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും സ്വാതന്ത്ര്യദിനത്തിലെയും അവധിയെടുക്കാതെയാണ് ആർ.ഡി.ഒ ഓഫിസിലെ ജീവനക്കാർ നെഹ്റുട്രോഫിയുടെ മുന്നൊരുക്കം നടത്തുന്നത്. ഈ മാസം രണ്ടിനാണ് നെഹ്റുട്രോഫിയുടെ ടിക്കറ്റ് വിൽപനയുടെ ചുമതല എൻ.ടി.ബി.ആറിന് ലഭിക്കുന്നത്.

മുൻവർഷത്തിൽ ടൂറിസം വകുപ്പ് മുഖേനയായിരുന്നു ടിക്കറ്റ് വിറ്റിരുന്നത്. അത് വരുമാനത്തെ കാര്യമായി ബാധിക്കുകയും കനത്തനഷ്ടം വന്ന സാഹചര്യത്തിലാണ് ചുമതല എൻ.ടി.ബി.ആറിനെ ഏൽപിച്ചത്. 20 ദിവസത്തോളം ടിക്കറ്റുകൾ നേരിട്ട് വിൽപന നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. നെഹ്റുട്രോഫിയുടെ ഓൺലൈൻ ടിക്കറ്റ് വിൽപനയും ആരംഭിച്ചു.പേടിഎം, ടിക്കറ്റ് ജീനി എന്നിവ മുഖേനയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന. ഇതിന്റെ ലിങ്ക് വള്ളംകളിയുടെ വെബ്സൈറ്റില്‍ (tthps://nehrturophy.nic.in) ലഭ്യമാണ്.നെഹ്റുട്രോഫി വള്ളംകളിയുടെ ട്രാക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ഈമാസം 27ന് നടത്താൻ തീരുമാനിച്ചിരുന്നു. ഇത് മാറ്റുന്നകാര്യം ആലോചനയിലാണ്.

നറുക്കെടുപ്പ് നേരത്തേ നടത്തിയാൽ മാത്രമേ മുന്നൊരുക്കം പൂർത്തിയാക്കാൻ കഴിയൂ. 16ന് ചേരുന്ന എൻ.ടി.ബി.ആർ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിലടക്കം തീരുമാനമുണ്ടാകും. 27ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാപ്റ്റൻസ് ക്ലിനിക്കിന്റെ തീയതിക്കും മാറ്റം വരും. 20 മുതൽ 25വരെയാണ് നിലവിൽ വള്ളങ്ങളുടെ രജിസ്ട്രേഷനുള്ള സമയം അനുവദിച്ചത്. വള്ളംകളിയുടെ മുഖ്യാതിഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. ടൂറിസം മന്ത്രി പി.കെ. മുഹമ്മദ് റിയാസും പങ്കെടുക്കും.

ടിക്കറ്റ് നിരക്ക്

ടൂറിസ്റ്റ് ഗോൾഡ് (നെഹ്റു പവിലിയൻ) -3000

ടൂറിസ്റ്റ് സിൽവർ (നെഹ്റു പവിലിയൻ) -2500

റോസ് കോർണർ (കോൺക്രീറ്റ് പവിലിയൻ) -1000

വിക്ടറി ലെയ്ൻ (വുഡൻ ഗാലറി) -500

ഓൾവ്യൂ (വുഡൻ ഗാലറി) -300

ലേക് വ്യൂ ഗോൾഡ് (വുഡൻ ഗാലറി) -200

ലോൺ -100

Tags:    
News Summary - Nehru Trophy Boat Race: Tickets sale starting on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.