തിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം സ്റ്റേഷൻ ഇനി തിരുവനന്തപുരം സൗത്തെന്നും, കൊച്ചുവേളി തിരുവനന്തപുരം നോർത്തെന്നുമാണ് അറിയപ്പെടുക. ഇതിന് അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇക്കാര്യം അംഗീകരിച്ചെന്ന് വ്യക്തമാക്കി സംസ്ഥാന ഗതാഗത സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിഞ്ഞ ദിവസം കത്തയച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പേര് മാറ്റം. നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളായി വികസിപ്പിക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരത്തിന് എട്ട് കിലോമീറ്റർ ദൂരെയാണ് കൊച്ചുവേളി. ഏഴ് കിലോമീറ്റർ ദൂരെയാണ് നേമം. ഇവ രണ്ടും വികസിക്കുന്നതോടെ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകൾക്ക് സുഗമയാത്ര ഉറപ്പാക്കാനാകും. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധി ആയതോടെയാണ് ഈ രണ്ട് സ്റ്റേഷനുകൾ വികസിപ്പിക്കാൻ തീരുമാനിച്ചത്.
നിരവധി ദീർഘദൂര ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നാണ് സർവിസ് ആരംഭിക്കുന്നതും യാത്ര അവസാനിപ്പിക്കുന്നതും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് കൊച്ചുവേളി അപരിചിതമായതിനാൽ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് കിട്ടിയില്ലെങ്കിൽ യാത്ര ഉപേക്ഷിക്കുകയാണ്. ‘തിരുവനന്തപുരം’ എന്ന് കൂടി ചേർത്ത് നേമവും കൊച്ചുവേളിയും പേര് മാറുന്നതോടെ ഈ ആശയക്കുഴപ്പം പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.