മെഡിസെപ്: അടിയന്തര ചികിത്സക്കും പുതിയ ഉപാധി

തിരുവനന്തപുരം: വാഹനാപകടം അടക്കമുള്ള അടിയന്തര ഘട്ടങ്ങളിൽ മെഡിസെപ്പിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽനിന്ന് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷക്കും പുതിയ ഉപാധി വെച്ച് സർക്കാർ. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ തേടിയാലും ഇൻഷുറൻസ് ലഭിക്കുന്നുണ്ട്. റീഇംബേഴ്സ്മെന്റായാണ് തുക അനുവദിക്കുക.

ഇനി റീഇംബേഴ്സ്മെന്റ് അപേക്ഷക്ക് മുമ്പ് അപേക്ഷകന്റെ മെഡിസെപ് ഐഡി, ചികിത്സ വിവരം, ആശുപത്രിയുടെ പേര് എന്നിവ സൂചിപ്പിച്ച് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് ഇ-മെയിൽ അയക്കണം. റീഇംബേഴ്സ്‌മെന്‍റ് ലഭിക്കാൻ അർഹതയുണ്ടോയെന്ന് കമ്പനി അറിയിച്ച ശേഷമേ അപേക്ഷിക്കാൻ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്.എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചെയ്യുന്ന എല്ലാ ചികിത്സക്കും റീഇംബേഴ്സ്മെന്റിന് അപേക്ഷ ലഭിക്കുന്നെന്നതാണ് നിബന്ധനക്ക് കാരണമായി പറയുന്നത്. അപകടം എന്നത് വാഹനാപകടം എന്നത് മാത്രമായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ പാമ്പുകടി, തീപ്പൊള്ളല്‍, വീഴ്ചമൂലമുള്ള അംഗഭംഗം എന്നിവയ്ക്ക് പരിരക്ഷ ലഭിക്കുന്നില്ല.

മെഡിസെപിൽ തുടക്കത്തിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങളിൽനിന്ന് സർക്കാർ പിന്മാറിയത് ജീവനക്കാർക്കും പെൻഷൻകാർക്കുമിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കുന്നതിടെയാണ് പുതിയ ഉപാധികൾ. കാഷ്ലെസ് ഏറക്കുറെ അട്ടിമറിക്കപ്പെട്ടനിലയിലാണ്. ശസ്ത്രക്രിയക്കു പ്രവേശിപ്പിച്ചയാൾക്ക് ഹൃദയാഘാതമുണ്ടായി അതേ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയാൽ ശസ്ത്രക്രിയക്ക് മാത്രമേ പരിരക്ഷ ലഭിക്കൂ. ഹൃദയാഘാത ചികിത്സാ ചെലവ് രോഗി വഹിക്കണം. നേരത്തേ ഇത്തരം രോഗികൾക്കു തുക പൂർണമായി അനുവദിച്ചിരുന്നു.

Tags:    
News Summary - New critirea Introduced For emergency treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.