തിരുവനന്തപുരം: സർക്കാരിന്‍റെ മദ്യനയത്തിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുമ്പോഴും പാളയത്തിൽ നിന്ന് തന്നെ ഉയരുന്ന ഭിന്നസ്വരം യു.ഡി.എഫിനെ കുഴക്കുന്നു. കഴിഞ്ഞ സർക്കാരിന്‍റെ നയം അട്ടിമറിച്ചുവെന്നാരോപിച്ച് സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ക്രിസ്ത്യൻ സഭകളുടെ പിന്തുണ ഉറപ്പാക്കാൻ യു.ഡി.എഫിന് കഴിയുമെങ്കിലും പുതിയ മദ്യനയത്തെ സ്വാഗതം ചെയ്തുകൊണ്ട് ഘടകകക്ഷിയായ ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായി.
എൽ.ഡി.എഫിന്‍റെ മദ്യനയം അനിവാര്യതയാണ്. അപക്വമായ മദ്യ നയം മൂലമാണ് യു.ഡി.എഫിന് തുടര്‍ഭരണം നഷ്ടമായതെന്നുമാണ് ഷിബുബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്. യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ ഉടൻ മറുപടിയുമായി ഇതിനെതിരെ രംഗത്തെത്തി. ഷിബു ബേബി ജോൺ കൂടി ഉൾപ്പെട്ട മന്ത്രിസഭായോഗമാണ് മദ്യനിരോധനം നടപ്പാക്കാൻ തീരുമാനിച്ചതെന്നും ഇപ്പോൾ ആ തീരുമാനത്തെ തള്ളിപ്പറയുന്നത് അപക്വമാണെന്നുമായിരുന്നു തങ്കച്ചന്‍റെ പ്രതികരണം.
ഇതിനിടെയാണ് കോൺഗ്രസിന്‍റെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സി മദ്യനയത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവനയിറക്കിയത്. ഇതും യു.ഡി.എഫിന് തിരിച്ചടിയാണ്.
ഉമ്മൻ ചാണ്ടി സുധീരൻ തർക്കത്തിന്‍റെ ഫലമായിരുന്നു മദ്യനിരോധമെങ്കിലും പിന്നീട് യു.ഡി.എഫ് നേതാക്കളെല്ലാം പിന്നിട് ഈ നയത്തെ പിന്തുണച്ചിരുന്നു. എന്നാൽ പുതിയ നയം കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് നേതാക്കൾക്കറിയാം. കഴിഞ്ഞ സർക്കാരിന്‍റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകൾ കോടതിയെ സമീപിച്ചപ്പോൾ അതിനുള്ള അവകാശം സർക്കാരിനുണ്ടെന്ന് സുപ്രീംകോടതി വ്യക്തയാക്കിയിരിന്നു. അതിനാൽ എൽ.ഡി.എഫിന്‍റെ പുതിയ മദ്യനയത്തിനെതിരെ സ്വാഭാവിക പ്രതിഷേധങ്ങൾക്കപ്പുറം വലിയ പ്രതിഷേധ സമരങ്ങളൊന്നും പ്രതിപക്ഷം നടത്തില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.