കൊച്ചി: തുറമുഖ നഗരവും മെട്രോ നഗരവും കേരളത്തിന്റെ വാണിജ്യ-വ്യാവസായിക തലസ്ഥാനവുമെല്ലാമായ കൊച്ചിയുടെ വികസനത്തിന് പുത്തൻ ഉണർവേകി മൂന്ന് പദ്ധതികൾക്ക് ബുധനാഴ്ച തുടക്കമാവും.
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിലെ (സി.എസ്.എൽ) പുതിയ ഡ്രൈ ഡോക്കും കപ്പൽ അറ്റകുറ്റപ്പണിക്കുള്ള അന്താരാഷ്ട്ര കേന്ദ്രവും (ഐ.എസ്.ആർ.എഫ്) പുതുവൈപ്പിൽ ഐ.ഒ.സി.എല്ലിന്റെ എൽ.പി.ജി ഇറക്കുമതി ടെർമിനലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത് വ്യാവസായിക നഗരം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
മാരിടൈം ഇന്ത്യ വിഷൻ 2030 എന്ന കേന്ദ്രത്തിന്റെ മാരിടൈം വികസന പദ്ധതിയിൽപെട്ടതാണ് ഷിപ്യാർഡിലെ രണ്ടു വികസന പ്രവർത്തനങ്ങളും. വില്ലിങ്ടൺ ഐലൻഡിൽ ഉച്ചക്ക് 12നാണ് ഉദ്ഘാടനം.
പുതുവൈപ്പിൽ ഐ.ഒ.സി പ്ലാൻറിലാണ് 1236 കോടി രൂപ ചെലവിട്ട് പുതിയ എൽ.പി.ജി ഇംപോർട്ട് ടെർമിനൽ പണി പൂർത്തീകരിച്ചിട്ടുള്ളത്. 3.5 കിലോമീറ്റർ ക്രോസ് കൺട്രി പൈപ്പ് ലൈനിലൂടെ മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ ജെട്ടിയുമായി ബന്ധപ്പെട്ട ഈ അത്യാധുനിക ടെർമിനലിന് 1.2 എം.എം.ടി.പി.എ ശേഷിയുണ്ട്. ദക്ഷിണേന്ത്യയുടെ എൽ.പി.ജി ആവശ്യകത നിറവേറ്റാൻ കഴിയും വിധത്തിലാണ് കൊച്ചിയിൽ ഇതൊരുക്കിയിട്ടുള്ളത്.
15,400 മെട്രിക് ടൺ സംഭരണശേഷിയുള്ള ഈ ടെർമിനൽ റോഡ്, പൈപ്പ് ലൈൻ വഴികളിലൂടെയുള്ള എൽ.പി.ജി വിതരണം ഉറപ്പാക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും ബോട്ടിലിങ് പ്ലാൻറുകൾക്കും പ്രയോജനം ചെയ്യും. എൽ.പി.ജി വിതരണത്തിൽ പ്രതിവർഷം 150 കോടി രൂപയുടെ ചെലവ് കുറക്കാനും 18,000 ടൺ കാർബൺ പുറന്തള്ളൽ കുറക്കാനും ടെർമിനൽ സഹായിക്കും.
1799 കോടിയുടെ ന്യൂ ഡ്രൈഡോക്
മാരിടൈം രംഗത്തെ ഇന്ത്യയുടെ എൻജിനീയറിങ് വൈഭവവും പദ്ധതിനിർവഹണ വൈദഗ്ധ്യവും വിളിച്ചോതുന്നതാണ് കപ്പൽശാലയിൽ നിർമിച്ച പുതിയ ഡ്രൈഡോക്. ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിച്ച ഇത് മേഖലയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കാണ്.
1799 കോടി രൂപയാണ് ചെലവ്. 310 മീറ്റർ നീളമുള്ള സ്റ്റെപ്ഡ് ഡ്രൈഡോക്കിന് 13 മീറ്റർ ആഴവും 75 മീറ്റർ വീതിയുമുണ്ട്. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, സുരക്ഷിതത്വം, മികച്ച പ്രവർത്തനക്ഷമത എന്നിവയാണ് സവിശേഷതകൾ.
70,000 ടൺ വരെയുള്ള വിമാനവാഹിനി കപ്പലുകൾ, കേപ് സൈസ് ആൻഡ് സൂയസ് മാക്സ് ഉൾപ്പെടെ കൂറ്റൻ ചരക്കുകപ്പലുകൾ, ജാക്ക് അപ് റിഗ്സ്, എൻ.എൻ.ജി കപ്പലുകൾ തുടങ്ങി വലിയ കപ്പലുകളെ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഡ്രൈഡോക്കിനുണ്ട്. പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ 2000 പേർക്ക് നേരിട്ടും ഇതിന്റെ ആറിരട്ടിയോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
വില്ലിങ്ടൺ ഐലൻഡിലെ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് 970 കോടി രൂപ ചെലവിൽ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമായ ഐ.എസ്.ആർ.എഫ് ഒരുക്കിയിരിക്കുന്നത്.
കൊച്ചിയെ ഒരു ആഗോള കപ്പൽ റിപ്പയർ കേന്ദ്രമാക്കി മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 6000 ടൺ ശേഷിയുള്ള ഷിപ് ലിഫ്റ്റ് സിസ്റ്റം, ട്രാൻസ്ഫർ സിസ്റ്റം, ആറ് വർക്ക് സ്റ്റേഷനുകൾ, 130 മീറ്റർ വരെ നീളമുള്ള ഏഴ് കപ്പലുകളെ ഒരേസമയം ഉൾക്കൊള്ളുന്ന 1400 മീറ്റർ ബെർത്ത് തുടങ്ങിയവയാണ് ഈ കേന്ദ്രത്തിന്റെ പ്രത്യേകതകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.