തൊടുപുഴ: ഹോട്ടലിന്റെ വൃത്തിയും വെടിപ്പും നിലവാരവും ഇനി ആപ്പ് നോക്കി മനസ്സിലാക്കാം. ഹോട്ടലുകൾക്ക് സ്റ്റാർ റേറ്റിങ് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷ വകുപ്പ് ആരംഭിച്ചു. വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ശാസ്ത്രീയ ഓഡിറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ് അതോറിറ്റിയാണ് (എഫ്.എസ്.എസ്.എ) നക്ഷത്രപദവി തീരുമാനിക്കുക.
ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, വൃത്തിയും വെടിപ്പും, ഭക്ഷ്യവിഭവങ്ങളുടെ നിലവാരം എന്നിവ വിലയിരുത്താൻ രണ്ട് ഘട്ടങ്ങളായി ഓഡിറ്റിങ് നടത്തും. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകൾക്ക് നൽകാൻ പ്രത്യേക പരിശോധന ലിസ്റ്റും തയാറാക്കി.
എഫ്.എസ്.എസ്.എയുടെ അംഗീകാരമുള്ള മറ്റൊരു ഏജൻസിയാകും മൂന്നാംഘട്ട ഓഡിറ്റിങ് നടത്തുക. ഓഡിറ്റിങ് റിപ്പോർട്ട് അതോറിറ്റിയുടെ ഡൽഹി ഓഫിസിലേക്ക് അയക്കും. ഇത് വിശകലനം ചെയ്താകും അന്തിമതീരുമാനം. ഹോട്ടലിന്റെ പൊതുനിലവാരവും വൃത്തിയും അനുസരിച്ച് ഫൈവ്സ്റ്റാർ, ഫോർസ്റ്റാർ സർട്ടിഫിക്കറ്റ് നൽകും. ഹോട്ടലുകൾ ഈ സർട്ടിഫിക്കറ്റ് പൊതുജനങ്ങൾക്ക് കാണാവുന്ന വിധം പ്രദർശിപ്പിക്കണം.
ഭക്ഷ്യസുരക്ഷ വകുപ്പ് തയാറാക്കുന്ന പ്രത്യേക ആപ്പ് വഴി ഓരോ ഹോട്ടലിന്റെയും ശുചിത്വവും നിലവാരവും ഉപഭോക്താക്കൾക്ക് മനസ്സിലാക്കാം. ആദ്യപടിയായി കൊല്ലത്തെ മൂന്ന് ഹോട്ടലുകൾക്ക് സ്റ്റാർ റേറ്റിങ് അനുവദിച്ചതായി ഭക്ഷ്യസുരക്ഷ ജോ. കമീഷണർ എം. മോനി 'മാധ്യമ'ത്തോട് പറഞ്ഞു. സംസ്ഥാനത്തെ 30,000 ഹോട്ടലുകൾ സർട്ടിഫിക്കേഷൻ നടപടിക്രമങ്ങളുടെ പരിധിയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.