പന്തീരാങ്കാവ്/ പറവൂർ: നവവധു ഭർത്താവിന്റെ വീട്ടിൽ ക്രൂര പീഡനത്തിനിരയായ സംഭവം പുതിയ സംഘം അന്വേഷിക്കും. ഫറോഖ് എ.സി.പിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അന്വേഷിക്കുക. കൂടാതെ, ഒളിവിലുള്ള പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. അന്വേഷണ സംഘം കൊച്ചിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.
ഗാർഹികപീഡന പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ്.എച്ച്.ഒ കേസെടുക്കാൻ വിമുഖത കാണിച്ചെന്ന പരാതിയിൽ നേരത്തെ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ വിശദ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൂര പീഡനം നടത്തിയ കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി രാഹുൽ പി. ഗോപാലിന്റെ (29) പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പന്തീരാങ്കാവ് പൊലീസ് പെൺകുട്ടിയോട് നീതി കാണിച്ചില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു.
ഈ മാസം അഞ്ചിനായിരുന്നു ഇവരുടെ വിവാഹം. അടുക്കള കാണൽ ചടങ്ങിന് 12ന് രാഹുലിന്‍റെ വീട്ടിലെത്തിയപ്പോഴാണ് യുവതി ക്രൂര മർദനത്തിന് ഇരയായത് ബന്ധുക്കൾ അറിഞ്ഞത്. നെറ്റിയിലും തലയിലും മുഷ്‌ടി ചുരുട്ടി ഇടിച്ചെന്നും മൊബൈൽ ചാർജറിന്‍റെ വയർ കഴുത്തിൽ ചുറ്റി വലിച്ചെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.