തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ 2024-25 അധ്യയന വർഷം മുതൽ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പാഠ്യപദ്ധതി പരിഷ്കരണ സമയക്രമത്തിന് കരിക്കുലം സ്റ്റിയറിങ്, കോർകമ്മിറ്റികളുടെ സംയുക്ത യോഗം അംഗീകാരം നൽകി. പ്രീസ്കൂൾ, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകമാണ് ആദ്യഘട്ടത്തിൽ പരിഷ്കരിക്കുക. 2025-26 വർഷത്തിൽ രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലും പരിഷ്കരിച്ച പാഠപുസ്തകങ്ങൾ നിലവിൽവരും. പാഠ്യപദ്ധതി ചട്ടക്കൂട് രൂപവത്കരണത്തിന് മുന്നോടിയായി 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപപ്പെടുത്തുന്ന പൊസിഷൻ പേപ്പറുകൾ ജനുവരി 31നകം പൂർത്തിയാക്കും. ഫെബ്രുവരി 28ന് പാഠ്യപദ്ധതി ചട്ടക്കൂടിന്‍റെ കരട് പ്രസിദ്ധീകരിക്കും. ചർച്ചകൾക്കുശേഷം മാർച്ച് 31ന് പാഠ്യപദ്ധതി ചട്ടക്കൂട് പ്രസിദ്ധീകരിക്കും. ഏപ്രിലിൽ പാഠപുസ്തക രചന ആരംഭിക്കും. ആദ്യഘട്ട പുസ്തക രചന ഒക്ടോബർ 31നകം പൂർത്തിയാക്കും.
പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് തയാറാക്കിയ ചർച്ച കുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിലെ ചില ചോദ്യങ്ങൾ സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർ നയമായും തെറ്റായി വ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ആശങ്കകളും പരിഗണിച്ച് സുതാര്യമായി പരിഷ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലിംഗസമത്വം, സ്കൂൾ സമയമാറ്റം എന്നിവ സംബന്ധിച്ച വിവാദങ്ങൾ യോഗത്തിൽ ഉയർന്നപ്പോഴായിരുന്നു മന്ത്രിയുടെ വിശദീകരണം. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.