കൊടുങ്ങല്ലൂർ: ന്യൂസിലാൻഡിലെ പള്ളികളിൽ 51 പേരെ കൂട്ടക്കൊല ചെയ്ത വംശീയ ഭീകരന് ശിക്ഷ വിധിച്ചപ്പോൾ കാതോർത്തിരുന്ന് കൊടുങ്ങല്ലൂരും. അന്ന് പിടഞ്ഞുവീണ വിശ്വാസികളിൽ കൊടുങ്ങല്ലൂരുകാരി അൻസിയുമുണ്ടായിരുന്നു. പരോളില്ലാതെ ആജീവനാന്തം തടവാണ് പൈശാചിക കൊലപാതകത്തിന് പ്രതി ബ്രെന്‍റൺ ടാറന്‍റിന് കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിൽ വിചാരണ ആരംഭിച്ചത്. ഇരകളുടെ ഭാഗത്ത് നിന്ന് അറുപതോളം പേർ വിചാരണയിൽ പങ്കെടുത്തിരുന്നു. മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്ന് കോടതി വിധിപ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് 15നാണ് ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ മസ്ജിദ്, ലിൻവുഡ് ഇസ്ലാമിക് സെൻറർ എന്നിവിടങ്ങളിൽ കൂട്ടക്കൊല അരങ്ങേറിയത്. അൽനൂർ പള്ളിയിൽ ഭീകരൻ നടത്തിയ കൂട്ടക്കൊലയിലാണ് കൊടുങ്ങല്ലൂർ സ്വദേശിനി അൻസിയുടെ ജീവൻ െപാലിഞ്ഞത്. കൊടുങ്ങല്ലൂർ കരിപ്പാക്കുളം പരേതനായ അലിബാവയുടെ മകളും, തിരുവെളളൂർ പൊന്നാത്ത് അബ്ദുൽ നാസറിെൻറ ഭാര്യയുമായ അൻസി നൂസിലാൻഡിൽ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്നു. അവിടെ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്തിരുന്ന ഭർത്താവിനൊപ്പം താമസിച്ചായിരുന്നു പഠനം.
അൻസിയക്കൊപ്പം വെള്ളിയാഴ്ച നമസ്കാരത്തിന് പള്ളിയിൽ പോയ ഭർത്താവ് അബ്ദുൽ നാസർ ആയുസിെൻറ വലുപ്പം കൊണ്ട് മാത്രം ഭീകരെൻറ തോക്കിൻ മുന്നിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ, പ്രിയതമ കൺമുന്നിൽ പിടഞ്ഞുവീണതിന്‍റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല.
കൂട്ടക്കൊലയിൽ മലയാളി യുവതിയും രക്തസാക്ഷിയായത് ഞെട്ടലോടെയാണ് നാട്ടുകാരും കേരളവും ശ്രവിച്ചത്. 11ാം നാളിൽ ജൻമനാട്ടിലെത്തിച്ച അൻസിയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ ആയിരങ്ങളെത്തിയിരുന്നു.
അൻസി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർക്കാണ് വെടിവെപ്പിൽ ജീവൻ നഷ്ടമായത്. 42 പേർക്ക് മാരകമായി പരിക്കേറ്റിരുന്നു. ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെയും സമുദായത്തെയും തങ്ങളുടെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ന്യൂസിലാൻഡ് ഭരണകൂടത്തിന്‍റെ നടപടി ലോകവ്യാപകമായി പ്രശംസ നേടിയിരുന്നു. കൊലയാളി ഭീകരൻ മുന്നോട്ടുവെച്ച ആശയം ചർച്ച ചെയ്യുന്നതുപോലും ന്യുസിലാൻഡ് നിരോധിച്ചു. രക്തസാക്ഷികളുടെ ഉറ്റവരെ ചേർത്ത് പിടിച്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്‍റെ ചിത്രവും ലോകത്തിന് മറക്കാനാകാത്തതാണ്. ഈ വനിതക്കും ന്യൂസിലാൻഡ് ജനതക്കും വേണ്ടി കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദിൽ പ്രാർഥന പോലും നടക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.