അടുത്തതായി കഥകളി; അവതരിപ്പിക്കുന്നത് ജില്ല കലക്ടർ

കൽപറ്റ: വള്ളിയൂർക്കാവ് ഉത്സവ നഗരിയിലെ കലാവേദിക്ക് പറയാൻ ഒരുപാട് കഥകളുണ്ട്. വയനാടിന്റെ ഉത്സവമെന്ന് കീർത്തികേട്ട വള്ളിയൂർക്കാവ് ആറാട്ടിന്റെ അരങ്ങത്ത് ശനിയാഴ്ച പിറക്കുന്നത് വേറിട്ടൊരു കഥയാവും. അതാകട്ടെ, കഥകളിയിലൂടെയുമാവും. ഉത്സവവേദിയിൽ കാലാകാലങ്ങളായി കലക്ടർമാർ കാഴ്ചക്കാരും അതിഥികളുമൊക്കെയാണ് എത്താറ്. ശനിയാഴ്ച കലാപരിപാടികൾ അരങ്ങേറുമ്പോൾ ജില്ല കലക്ടർ എ. ഗീതയും വള്ളിയൂർക്കാവിലുണ്ടാകും. കണ്ടുപരിചയിച്ച കാഴ്ചക്കാരിയായിട്ടല്ലെന്നു മാത്രം. നിറഞ്ഞ സദസ്സിനു മുന്നിൽ അവർ അരങ്ങിലെത്തുന്നത് കഥകളി വേഷവുമായാണ്.

കഥകളിയുമായി വേദിയിലെത്തുന്ന മൂവർ സംഘത്തിലാണ് കലക്ടറും അണിനിരക്കുന്നത്. ഇതിനായി സർക്കാർ അവർക്ക് അനുമതി നൽകിയിട്ടുണ്ട്. മറ്റു രണ്ടുപേരോടുമൊപ്പം കോട്ടക്കൽ ഉണ്ണികൃഷ്ണനു കീഴിൽ കുറച്ചുനാളുകളായി പരിശീലനത്തിലായിരുന്നു എ. ഗീത. ജില്ലയുടെ ഭരണച്ചുമതലയെന്ന ഭാരിച്ച ഉത്തരവാദിത്തം നൽകുന്ന ജോലിത്തിരക്കിനിടയിലും രാത്രികളിൽ ഓൺലൈനിലായിരുന്നു പരിശീലനം. പത്തരക്ക് തുടങ്ങിയ പരിശീലനം പലപ്പോഴും പുലർച്ചെ രണ്ടുമണിവരെ നീണ്ടു. 'നളചരിതം ഒന്നാം ദിവസം' കഥയിലെ ആദ്യ അധ്യായത്തിൽ ദമയന്തിയും കൂട്ടുകാരും പൂങ്കാവനത്തിലേക്ക് പ്രവേശിക്കുന്ന രംഗമാവും കലക്ടറും സംഘവും വേദിയിൽ അവതരിപ്പിക്കുക.

'ഒരുപാട് വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. കഥകളി എനിക്ക് ഏറെ ഇഷ്ടപ്പെട്ട കലാരൂപമാണ്. അത് ആഴത്തിൽ പഠിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അവസരം വന്നപ്പോൾ ശ്രമിച്ചുനോക്കാമെന്നു കരുതി. പരിശീലനം ഒരർഥത്തിൽ വലിയ പരീക്ഷണമായിരുന്നു. 'മുദ്ര'കളൊക്കെ പഠിച്ചെടുക്കുന്ന കാര്യത്തിൽ പ്രത്യേകിച്ചും' -കലക്ടർ പറയുന്നു. മുൻ ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ സുഭദ്ര നായരും ജില്ല കലക്ടറോടൊപ്പം അരങ്ങിലെത്തുന്നുണ്ട്. സുഭദ്ര നായർ ചെറുപ്പത്തിൽ കഥകളി പരിശീലിച്ചിരുന്നു. വള്ളിയൂർക്കാവിൽ കഥകളി അവതരിപ്പിക്കാനുള്ള ആഗ്രഹം അവരാണ് കോട്ടക്കൽ ഉണ്ണികൃഷ്ണനുമുന്നിൽ അവതരിപ്പിച്ചത്. അദ്ദേഹം പരിശീലിപ്പിക്കാമെന്നു സമ്മതിക്കുകയായിരുന്നു.

പരിശീലനത്തിന്റെ തുടക്കത്തിൽ ആശങ്കയേറെയായിരുന്നുവെങ്കിലും ഗുരുനാഥൻ പകർന്ന ആത്മവിശ്വാസത്തിന്റെ പിൻബലത്തിലാണ് കലക്ടർ മുന്നോട്ടുപോയത്. 'ഭരതനാട്യം പഠിച്ച എനിക്ക് കഥകളി അവതരിപ്പിക്കാൻ ബുദ്ധിമുട്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഭരതനാട്യത്തിൽനിന്ന് ഏറെ വേറിട്ടുനിൽക്കുന്നതാണ് കഥകളി എന്നതിനുപുറമെ, എന്റെ ജോലിത്തിരക്കുകളും സമയക്കുറവുമാണ് കൂടുതൽ ആശങ്കയിലാക്കിയത്. വള്ളിയൂർക്കാവിൽ എല്ലാം നന്നായി വരുമെന്നാണ് പ്രതീക്ഷ' -കലക്ടർ എ. ഗീത പറയുന്നു. 

Tags:    
News Summary - Next is Kathakali; Presented by District Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.