പാലക്കാട്: ചുമതലയുള്ള ജീവനക്കാർ ജോലിക്കെത്താത്തതിനെ തുടർന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളുടെ പ്രവർത്തനം താളം തെറ്റുന്നു. ജീവനക്കാരെ നിയമിക്കുന്നതിൽ വിവേചനം നടക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം കൂട്ടത്തോടെ ജോലിയിൽ നിന്ന് മാറി നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ റേഷൻകടകൾ കാലിയാകും. എൻ.എഫ്.എസ്.എ ഗോഡൗൺ തസ്തികകളിലേക്ക് പ്രമോഷൻ ലഭിച്ച കോർപറേഷൻ ജീവനക്കാരിൽ ഭൂരിഭാഗവും അവിടെ ജോലിചെയ്യാൻ തയ്യാറാകുന്നില്ലത്രെ. അതിനാൽ വകുപ്പിലെ ജീവനക്കാർക്ക് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ അനുവദിച്ച തസ്തികക്ക് പുറമേ, അധികം തസ്തികകളിൽ വകുപ്പ് ജിവനക്കാരെ നിയമിച്ചു. ഇത്തരത്തിൽ നിയമിച്ചവരെ മാറ്റിനിയമിക്കണമെന്ന് കാണിച്ച് സപ്ലൈകോ മാനേജിങ് ഡയറക്ടർക്ക് നിവേദനം നൽകിയെങ്കിലും നടപടിയില്ലെന്ന് സി.പി.ഐ അനുകൂല സംഘടന വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഡിപ്പോതലത്തിൽ ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക തയാറാക്കാനും എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ ഇതുവരെ ജോലി ചെയ്യാത്തവരെ കണ്ടെത്താനും സപ്ലൈകോ നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഒരുകൂട്ടം ജീവനക്കാരെ ഗോഡൗണുകളിലേക്ക് മാറ്റി. എന്നാൽ, മാനദണ്ഡം പാലിക്കാതെയാണ് സ്ഥലംമാറ്റമെന്നാണ് സി.പി.എം അനുകൂല സംഘടനയുടെ പരാതി. സി.പി.എം-സി.പി.ഐ സർവിസ് സംഘടനകൾ ചേരിതിരിഞ്ഞ് നടത്തുന്ന പോര് റേഷൻവിതരണത്തെ ബാധിക്കുമെന്നായതോടെ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് നോട്ടീസ് നൽകാനും, കർശന നടപടി സ്വീകരിക്കാനും സപ്ലൈകോ സി.എം.ഡി രേഖാമൂലം നിർദേശം നൽകി. ജീവനക്കാരുടെ അലംഭാവം റേഷൻ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള ദീർഘാവധി അടിയന്തര സാഹചര്യങ്ങളിൽ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് നിർദേശം.
സ്ഥലംമാറ്റം, പ്രമോഷൻ എന്നിവ ലഭിച്ച എല്ലാ ജീവനക്കാരോടും അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്ത മേഖല മാനേജർ, അസിസ്റ്റന്‍റ് മാനേജർ എന്നിവർക്കെതിരെ ചട്ടപ്രകാരം അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യുമെന്നും സി.എം.ഡി ഏപ്രിൽ എട്ടിന് നൽകിയ ഉത്തരവിൽ നിർദേശിക്കുന്നു. എഫ്.സി.ഐ, മില്ലുകൾ എന്നിവിടങ്ങളിൽ നിന്ന് റേഷൻ സാധനങ്ങൾ എൻ.എഫ്.എസ്.എ ഗോഡൗണുകളിലേക്ക് എത്തിച്ച്, അവിടെ നിന്നാണ് റേഷൻകടകളിലേക്ക് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.