കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ അപേക്ഷ. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് അപേക്ഷ നൽകിയത്.
പാലയാട് കാമ്പസിലെ സംഘർഷത്തിൽ അറസ്റ്റിലായ അലൻ ഷുഹൈബ് അടക്കം മൂന്നു പേർക്ക് ധർമ്മടം പൊലീസ് ജാമ്യം നൽകിയിരുന്നു. അഥിൻ സുബിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് അലൻ ശുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർഥികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇതിന് പിന്നാലെയാണ് അലന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് രംഗത്തെത്തിയത്.
ഒന്നാം വർഷ വിദ്യാർഥിയായ അഥിനെ അലൻ ഷുഹൈബ് റാഗ് ചെയ്തെന്നും എസ്.എഫ്.ഐ ഇത് ചോദ്യം ചെയ്യുകയാണ് ഉണ്ടായതെന്നുമാണ് യൂനിറ്റ് സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ, കാമ്പസിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നാണ് അലന്‍റെ ആരോപണം. തന്നെയും കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ബദറുവിനെയും മുർഷിദിനെയും അഞ്ചാം വർഷ വിദ്യാർഥി നിഷാദ് ഊരാതൊടിയെയും അകാരണമായി മർദിച്ചെന്നാണ് അലന്‍ പറയുന്നത്.
2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. സെപ്റ്റംബറിലാണ് അലനും ത്വാഹക്കും എൻ.ഐ.എ കോടതി ജാമ്യം നൽകിയത്. പിന്നീട് ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കിയ ഹൈകോടതി, അലൻ ഷുഹൈബിന് ജാമ്യം തുടരാൻ അനുമതി നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.