കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ സ്വപ്ന, സന്ദീപ് നായർ, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, ടി.എം. മുഹമ്മദ് അൻവർ എന്നിവരെ അഞ്ച് ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ പരിഗണിച്ച കോടതി അഞ്ച് പേരെയും ചൊവ്വാഴ്ച ഹാജരാക്കാൻ വാറൻറ് പുറപ്പെടുവിച്ചു.
സ്വപ്ന അടക്കമുള്ളവരിൽനിന്ന് പിടികൂടിയ മൊബൈലുകളും ലാപ്ടോപുകളും ശാസ്ത്രീയ പരിശോധന നടത്തിയതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എൻ.ഐ.എ ആവശ്യം. വളരെ അധികം ഡാറ്റ പരിശോധിക്കേണ്ടിവന്നതിനാലാണ് താമസം നേരിട്ടതെന്നും കസ്റ്റഡി അനുവദിക്കണമെന്നുമാണ് ആവശ്യം. അതേസമയം, സ്വപ്നയെ നെഞ്ച് വേദനയെത്തുടർന്ന് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ഹാജരാക്കാൻ സാധ്യതയില്ല.
അറസ്റ്റിലായതിന് പിന്നാലെ സ്വപ്നയെയും സന്ദീപിനെയും എൻ.ഐ.എ 12 ദിവസം ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്തിന് പണം മുടക്കിയവരിൽ പ്രധാനി മുഹമ്മദ് ഷാഫിയാണെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. തിരുവനന്തപുരത്ത് എത്തുന്ന സ്വർണം പല സ്ഥലങ്ങളിൽ എത്തിക്കുന്നതിന് സഹായിയായി പ്രവർത്തിച്ചെന്ന ആരോപണമാണ് മുഹമ്മദലിക്കെതിെരയുള്ളത്. മുഹമ്മദ് അൻവർ ഇടപാടുകളിൽ മധ്യസ്ഥനായിരുന്നുവെന്നാണ് ആരോപണം. അതിനിടെ, മുഹമ്മദ് അൻവർ നൽകിയ ജാമ്യാപേക്ഷ 16 നും മുഹമ്മദ് ഷാഫിയുടെത് 28 നും പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.