തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ അഞ്ചു മണിക്കൂർ ചോദ്യം ചെയ്തു. എൻ.ഐ.എയുടെ തിരുവനന്തപുരത്തെ ക്യാമ്പ് ഹൗസായ പേരൂർക്കട എസ്.എ.പി ക്യാമ്പിന് സമീപമുള്ള, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ റിക്രിയേഷൻ ക്ലബായ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. വൈകുന്നേരം നാലിന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഒമ്പത് വരെ നീണ്ടു. പലതിനും വ്യക്തമായ മറുപടി നൽകിയില്ലെന്നാണ് വിവരം.
ചോദ്യാവലി തയാറാക്കിയിരുന്നു. ഉത്തരങ്ങൾ ഖണ്ഡിക്കുന്ന തെളിവുകൾ നിരത്തി. ദിവസങ്ങൾക്കുമുമ്പ് കസ്റ്റംസ് പത്തുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
വ്യാഴാഴ്ച ഉച്ചക്ക് എൻ.ഐ.എ ഉദ്യോഗസ്ഥർ പൂജപ്പുരയിലെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള കത്ത് നൽകി. പ്രതികളുടെ മൊഴികൾ ശിവശങ്കറുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതാണെങ്കിലും അദ്ദേഹത്തിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ എൻ.ഐ.എക്ക് ലഭിച്ചിരുന്നില്ല. അത്തരത്തിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് തെളിയിക്കുന്നതിനും കൂടിയായിരുന്നു ചോദ്യം ചെയ്യൽ.
സ്വപ്നയുെടയും സന്ദീപിെൻറയും എൻ.ഐ.എ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. അതിനുമുമ്പ് ശിവശങ്കറിനെ ചോദ്യം ചെയ്ത് അതിലെ വിശ്വാസ്യത ഉറപ്പുവരുത്താനാണ് വ്യാഴാഴ്ചതന്നെ അദ്ദേഹത്തിെൻറ മൊഴിയെടുത്തത്. ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ കണ്ടെത്തിയ വിശദാംശങ്ങളും കോടതിയിൽ സമർപ്പിക്കും എന്നാണ് അറിയുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നതുതന്നെ ആദ്യമായാണ്. ഇത് സർക്കാറിനും തിരിച്ചടിയാണ്. സ്വപ്നയുമായുള്ള ബന്ധം വ്യക്തമായതിനെതുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽനിന്ന് ശിവശങ്കറിനെ മാറ്റുകയും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.