കൊച്ചി: എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മന്ത്രി കെ.ടി. ജലീൽ എൻ.ഐ.എ ഒാഫീസിൽ നിന്ന് മടങ്ങി. ചിരിച്ച് കൈകളുയർത്തിയാണ് മന്ത്രി ഒാഫിസിൽ നിന്ന് പുറത്തു വന്നത്. ഔദ്യോഗിക കാർ ഒഴിവാക്കി സ്വകാര്യ കാറിലായിരുന്നു മന്ത്രി എൻ.ഐ.എ ഒാഫീസിൽ എത്തിയതും അവിടെ നിന്ന് മടങ്ങിയതും. എൻ.ഐ.എ ഒാഫീസിൽ നിന്ന് മന്ത്രി മടങ്ങിയ സ്വകാര്യ കാർ എറണാകുളം ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയെങ്കിലും അതിൽ മന്ത്രിയുണ്ടായിരുന്നില്ല. മന്ത്രി വഴിയിൽ ഇറങ്ങുകയും മറ്റേതെങ്കിലും കാറിൽ കയറി പോകുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മാധ്യമപ്രവർത്തകർ മന്ത്രിയെ കാണുന്നില്ലെന്ന് ഉറപ്പു വരുത്താൻ പൊലീസിൻെറ നേതൃത്വത്തിൽ പഴുതടച്ച നീക്കങ്ങളാണ് നടത്തിയത്.
നയതന്ത്ര മാർഗത്തിലൂടെ മതഗ്രന്ഥം കൊണ്ടു വന്നതും അതു ദുരുപയോഗപ്പെടുത്തി മറ്റു കള്ളക്കടത്തുകൾ നടന്നോ എന്നതുമാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പരിശോധിക്കുന്നത്. ഇതിൻെറ ഭാഗമായി ഇന്ന് രാവിലെയാണ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യൽ തുടങ്ങിയത്.
രാവിലെ ആറ് മണിയോടെ കൊച്ചി എന്‍.ഐ.എ ഓഫീസിലെത്തിയ മന്ത്രിയെ ഒമ്പതര മുതലാണ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിൻറെ അടിസ്ഥാനത്തിലാണ് മന്ത്രി എൻ.ഐ.എ ഓഫീസിൽ എത്തിയിരിക്കുന്നത്. രാവിലെ ആറു മണിയോടെ സ്വകാര്യ കാറിൽ അതീവ രഹസ്യമായാണ് കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ മന്ത്രി ജലീൽ എത്തിയത്.
കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ കഴിഞ്ഞ വെള്ളിയാഴ‍്ച കൊച്ചിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ രണ്ടര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് എൻ.ഐ.എയുടെ ചോദ്യം ചെയ്യൽ.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് എൻ.ഐ.എ ഓഫിസിന് മുന്നിൽ അരങ്ങേറിയത്. പ്രതിഷേധം മുൻകൂട്ടി കണ്ട് ഒാഫീസിന്‍റെ നാലു പ്രവേശന കവാടങ്ങളിലും ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് പ്രദേശത്ത് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.