കൊച്ചി: അവയവക്കച്ചവടത്തിന് ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിന്‍റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു. ഇതുസംബന്ധിച്ച എഫ്.ഐ.ആർ ഇന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതി കേസ് പരിശോധിച്ച് അനുമതി നൽകുകയും ഡൽഹിയിലെ ആസ്ഥാനത്തുനിന്ന് നിർദേശം ലഭിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചി യൂനിറ്റ് അന്വേഷണം ഏറ്റെടുത്തത്. എൻ.ഐ.എ അന്വേഷിക്കാൻ മാത്രം ഗൗരവമുള്ളതാണോ കേസെന്ന പരിശോധനയടക്കം നടപടിക്രമങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എൻ.ഐ.എ തന്നെ അന്വേഷിക്കണമെന്നായിരുന്നു വിലയിരുത്തൽ.
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അവയവക്കച്ചവട മാഫിയയുടെ മുഖ്യസൂത്രധാരൻ ഹൈദരാബാദ് സ്വദേശി ബെല്ലംകൊണ്ട രാമപ്രസാദ്, തൃശൂർ സ്വദേശി സാബിത് നാസർ, ഒന്നാംപ്രതി ഇറാനിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിന്‍റെ സുഹൃത്ത് കൊച്ചി സ്വദേശി സജിത് ശ്യാം എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
മധുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്. വൃക്ക നൽകാൻ സന്നദ്ധതയുള്ളവരെ കണ്ടെത്തി ഇറാനിലും തിരികെ നാട്ടിലും എത്തിച്ചിരുന്നത് സാബിത്താണ്. ഇതിനാവശ്യമായ വ്യാജരേഖകൾ തയാറാക്കിയിരുന്നതും ഇയാളാണ്. ദാതാക്കൾക്ക് ആറോ ഏഴോ ലക്ഷം മാത്രം പ്രതിഫലമായി നൽകിയിരുന്ന സംഘം വൃക്ക സ്വീകരിക്കുന്നവരിൽനിന്ന് ഒരുകോടി രൂപ വരെയാണ് ഈടാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.