ശ്രീകണ്ഠപുരം: കാലാവസ്ഥ വ്യതിയാനം അതിജീവിച്ച് കൃഷി ചെയ്യാനുള്ള കേന്ദ്ര കാർഷിക ഗവേഷണപദ്ധതിയായ 'നിക്ര' (നാഷനൽ ഇന്നവേഷൻസ് ഇൻ ക്ലൈമറ്റ് റെസിലിയന്റ് അഗ്രിക്കൾച്ചർ) സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നടപ്പാക്കാൻ ധാരണ. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം കാരണം കൃഷിനാശമുണ്ടാകുന്ന സാഹചര്യമൊഴിവാക്കുകയാണ് പദ്ധതി ലക്ഷ്യം.
കണ്ണൂർ, കോഴിക്കോട്, വയനാട്, കോട്ടയം, പാലക്കാട് ജില്ലകളെയാണ് തിരഞ്ഞെടുത്തത്. കണ്ണൂർ ജില്ലയിൽ പൈലറ്റ് പദ്ധതി ചെങ്ങളായി പഞ്ചായത്തിലാണ് നടപ്പാക്കുക. പിന്നീട് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.
പൊതുവായ കാലാവസ്ഥയും ഭൂപ്രകൃതിയുമുള്ള പ്രദേശങ്ങളെയാണ് പൈലറ്റ് പദ്ധതിക്ക് തിരഞ്ഞെടുക്കുന്നത്. പ്രാദേശിക കൃഷി ഗ്രൂപ്പുകളെയും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപോലുള്ള സംരംഭങ്ങളെയും വിവിധ സർക്കാർ ഏജൻസികളെയും ഒരുമിപ്പിച്ച് ജില്ല കൃഷിവിജ്ഞാൻ കേന്ദ്രങ്ങൾ മുഖേനയാണ് നടപ്പാക്കുക.
ജില്ലയിൽ 40 ശതമാനത്തോളം ഇടനാടൻ പ്രദേശമാണുള്ളത്. ഈ പ്രദേശങ്ങളുടെ പൊതുസ്വഭാവമുള്ള പ്രദേശമെന്ന നിലയിലാണ് ചെങ്ങളായി പഞ്ചായത്തിനെ തിരഞ്ഞെടുത്തതെന്ന് ജില്ല കൃഷി വിജ്ഞാൻ കേന്ദ്രം ഡയറക്ടർ ഡോ. ജയരാജ് പറഞ്ഞു. ജില്ലയിൽ മഴയെ ആശ്രയിച്ചാണ് മിക്കയിടങ്ങളിലും കൃഷി ചെയ്യുന്നത്. ഇടവപ്പാതിയിൽ വെള്ളക്കെട്ടും തുലാവർഷത്തിനുശേഷം വരൾച്ചയും കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പരിഹരിക്കാൻ മാർഗങ്ങളൊരുക്കും. മണ്ണ്, ജലം, ജൈവ സമ്പത്ത്, സൗരോർജം എന്നീ പ്രകൃതിവിഭവങ്ങളെ പരിപാലിച്ച് കൃഷിക്ക് പ്രയോജനപ്പെടുത്തും. മഴക്കാലത്ത് മണ്ണൊലിപ്പ് തടയാനുള്ള പ്രവൃത്തിയും വേനലിൽ ജലസേചനത്തിനുള്ള സൗകര്യവുമുണ്ടാക്കും. കാർഷികോപകരണങ്ങളും നൽകും. ഏപ്രിൽ ഒന്നിന് പദ്ധതി പ്രവർത്തനം ആരംഭിക്കും. നടപടികൾ അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.