1970 ഏപ്രിൽ 20ന് നടന്ന നിലമ്പൂർ അസംബ്ലി സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കേരള രാഷ്ട്രീയത്തിൽ ഒരു പ്രത്യേകത ഉണ്ടായിരുന്നു. സംസ്ഥാനത്ത് കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തുടക്കം ഈ ഉപതെരഞ്ഞെടുപ്പോടുകൂടിയായിരുന്നു.
നിലമ്പൂരിലെ സിറ്റിങ് എം.എൽ.എയും പ്രമുഖ കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ. കുഞ്ഞാലി വെടിയേറ്റു മരിച്ചതിനെ തുടർന്നാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി എം.പി. ഗംഗാധരനും സി.പി.എം സ്ഥാനാർഥിയായി കെ.എസ്.എഫ് പ്രസിഡന്റ് സി.പി. അബൂബക്കറുമായിരുന്നു. ടി.കെ. അബ്ദുല്ലക്കുട്ടി മാസ്റ്ററെയാണ് ലീഗ് സ്ഥാനാർഥിയായി തീരുമാനിച്ചത്.
അച്യുത മേനോൻ സർക്കാറിനെ പിന്തുണക്കുന്ന പാർട്ടികൾ ആയിരുന്നെങ്കിലും ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം ഒരു മുന്നണിയെന്ന നിലക്ക് വളർന്നിരുന്നില്ല. ലീഗും കോൺഗ്രസും വെവ്വേറെ മത്സരിച്ചാൽ, സഹതാപ തരംഗവും വിദ്യാർഥി നേതാവ് എന്ന മേന്മയുമുള്ള സി.പി.എം സ്ഥാനാർഥി വിജയിക്കും എന്നതും ഉറപ്പായിരുന്നു.
അതിനാൽ, നീക്കുപോക്ക് എന്ന നിലക്ക് ലീഗ് സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസിനെ പിന്തുണക്കണമെന്ന് ബാഫഖി തങ്ങളെ സമീപിച്ച് കെ. കരുണാകരൻ ആവശ്യപ്പെട്ടു.
1970 മാർച്ചിൽ തൃശൂരിലെ കരുണാകരന്റെ വസതിയായ ‘മുരളി മന്ദിര’ത്തിൽ ചർച്ച നടന്നു. ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, കെ. കരുണാകരൻ, കെ.കെ. വിശ്വനാഥൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. നീണ്ട ചർച്ചക്കൊടുവിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് ബാഫഖി തങ്ങൾ ഉറപ്പുകൊടുത്തു. പക്ഷേ, അപ്പോഴേക്കും സീതി ഹാജിയുടെയും മറ്റും നേതൃത്വത്തിൽ ലീഗ് പ്രവർത്തകർ പ്രചാരണ രംഗത്ത് സജീവമായിരുന്നു. പ്രവർത്തകരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പാണക്കാട് പൂക്കോയ തങ്ങളെയാണ് ബാഫഖി തങ്ങൾ ചുമതലപ്പെടുത്തിയത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ലീഗ് സ്ഥാനാർഥിത്വം പിൻവലിച്ചു.
ലീഗ്, കോൺഗ്രസ് പ്രവർത്തകർ വിയർത്തു പണിയെടുത്തതിന്റെ ഫലമായി കോൺഗ്രസ് സ്ഥാനാർഥി എം.പി. ഗംഗാധരൻ വിജയിച്ചു. ആ വിജയം ലീഗും കോൺഗ്രസും തമ്മിലുള്ള അകൽച്ച കുറച്ചു. പിൽക്കാലത്ത് കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിർണയിച്ച യു.ഡി.എഫ് സംവിധാനം പിറവിയെടുക്കുന്നത് ഈ കൂട്ടുകെട്ടിനെ തുടർന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.