മാവോവാദികള്‍ വെടിയുതിര്‍ത്തത് ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന് പൊലീസ്

നിലമ്പൂര്‍: മാവോവാദികള്‍ തണ്ടര്‍ബോള്‍ട്ട് സേനക്ക് നേരെ വെടിയുതിര്‍ത്തത് ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചെന്ന് പൊലീസ്. എ.കെ 47 തോക്കും പമ്പ് ആക്ഷന്‍ ഗണ്ണുമാണ് മാവോവാദികള്‍ ഉപയോഗിച്ചത്. സംഭവസ്ഥലത്ത് നിന്ന് ഇത്തരം ആയുധങ്ങളിലുയോഗിക്കുന്ന തിരകളുടെ കാലി കെയ്സുകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണത്തിന്‍െറ ഭാഗമായി നടത്തിയ തിരച്ചിലിലാണ് കെയ്സുകള്‍ ലഭിച്ചത്. യന്ത്രമുപയോഗിച്ച് കാടുവെട്ടിയ ശേഷം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്‍െറ അംഗരക്ഷകര്‍ പൊലീസിന് നേരെ ഉപയോഗിച്ച തോക്കില്‍ നിന്നുള്ള തിരകളുടെ കെയ്സുകളാണിവ. ദേവരാജിന്‍െറ മൃതദേഹത്തിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. ഈ തോക്കുകളുമായി മറ്റുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു. 1981ലും 2007ലും നിര്‍മിച്ച സീരിസിലുള്ള തിരകളുടെതാണിത്. കേരളത്തില്‍ പൊലീസ് ഉപയോഗിക്കുന്നത് 2010ന് ശേഷം നിര്‍മിച്ച തിരകളാണ്. വടക്കന്‍ സംസ്ഥാനങ്ങളിലെ സായുധക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും ആക്രമണം നടത്തി മാവോവാദികള്‍ പിടിച്ചെടുത്ത ആയുധങ്ങളാണിത്. ഇവയാണ് പൊലീസിന് നേരെ ഉപയോഗിക്കുന്നത്. വെടിവെപ്പ് സമയത്ത് രക്ഷപ്പെട്ട എല്ലാവരുടെയും കൈവശം ആയുധങ്ങളുണ്ടായിരുന്നു. ഇത് പൊലീസിന് നേരെ ഉപയോഗിക്കുകയും ചെയ്തു. കൊല്ലപ്പെട്ട അജിത കുപ്പു ദേവരാജിന്‍െറ വലംകൈയാണെന്നും പൊലീസിന്‍െറ വിശദീകരണകുറിപ്പില്‍ പറയുന്നു.

ആദ്യം വെടിവെച്ചത് മാവോവാദികള്‍ -ഡി.ജി.പി
തിരുവനന്തപുരം: നിലമ്പൂര്‍ ഏറ്റമുട്ടലില്‍ പൊലീസുനേരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി ഡി.ജി.പി ലോകനാഥ് ബെഹ്റ. മാവോവാദികളാണ് ആദ്യം വെടിവച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. മജിസ്ട്രേറ്റ് തല അന്വേഷണത്തില്‍ പൊലീസിന്‍െറ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടത്തെിയാല്‍ നടപടി അപ്പോള്‍ തീരുമാനിക്കാമെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഡി.ജി.പി തള്ളി. രാഷ്ട്രീയ നേതാക്കള്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മാവോവാദികള്‍ക്കെതിരെ നടപടികള്‍ ഇനിയും കര്‍ശനമാക്കും. ആരോപണങ്ങള്‍ കേട്ട് മാവോവാദികള്‍ക്കെതിരെ നീക്കം മയപ്പെടുത്താനും പൊലീസ് ആലോചിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. 


പൊലീസ് ലക്ഷ്യമിടുന്നത് മാവോവാദി സൈദ്ധാന്തികരെ
തിരുവനന്തപുരം: പൊലീസ് ലക്ഷ്യമിടുന്നത് മാവോവാദി സൈദ്ധാന്തികരെ. പൊലീസ് തയാറാക്കിയിട്ടുള്ള പട്ടികയിലെ മുന്‍നിരക്കാരനായിരുന്നു നിലമ്പൂരില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്. നേരത്തേ കര്‍ണാടക സംസ്ഥാന സെക്രട്ടറിയായിരുന്ന സാകേത് രാജനെയും പോളിറ്റ് ബ്യൂറോ അംഗം ആസാദിനെയും പിടികൂടി വെടിവെച്ചുകൊന്നിരുന്നു. ഇവരും പാര്‍ട്ടി സൈദ്ധാന്തികന്മാരായിരുന്നു. തെന്നിന്ത്യന്‍  നഗരങ്ങളിലും ഗ്രാമങ്ങളിലുമിരുന്ന് പ്രത്യയശാസ്ത്ര നിലപാടുകള്‍ക്ക് മൂര്‍ച്ചകൂട്ടിയ ചിന്തകനാണ് കുപ്പു. സാധാരണ സൈദ്ധാന്തികര്‍ കലാപ്രകടനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുമ്പോള്‍ സംഗീതമടക്കം കലാപ്രകടനങ്ങളില്‍ അസാധാരണ മെയ്വഴക്കമുള്ളവരാണ് മാവോവാദികള്‍. പുതിയ കാഡര്‍മാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ആശയകേന്ദ്രമാണ് നിലമ്പൂരില്‍ പൊലീസ് തകര്‍ത്തത്.  


വസ്തുതാന്വേഷണ സംഘം നിലമ്പൂരിലത്തെും 
മലപ്പുറം: കരുളായി വനത്തില്‍ മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകളുടെ ദേശീയ കോഓഡിനേഷന്‍ കമ്മിറ്റിയായ കോഓഡിനേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ഓര്‍ഗനൈസേഷന്‍െറ (സി.ഡി.ആര്‍.ഒ) വസ്തുതാന്വേഷണ സംഘം ശനിയാഴ്ച നിലമ്പൂരിലത്തെും.  അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദേശവാസികളില്‍നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കും. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പൊലീസില്‍നിന്നും വനം വകുപ്പില്‍നിന്നും അനുമതി തേടുമെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി പറഞ്ഞു. അസ്വാഭാവിക മരണങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന് കൈമാറുന്നതും അദ്ദേഹം അന്വേഷണം നടത്തുന്നതും സ്വാഭാവിക നടപടിയാണ്. ഇതേ ഉദ്യോഗസ്ഥനെ വെച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനം കണ്ണില്‍ പൊടിയിടാനാണെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കുറ്റപ്പെടുത്തി. 


 

Tags:    
News Summary - nilambur maoist encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT