കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയുടെ കുടുംബം അടങ്ങുന്ന ഗോത്രവിഭാഗവുമായി ചർച്ച നടത്തുന്നതിന്‍റെ ഭാഗമായുള്ള ധനസമാഹരണം സേവ് നിമിഷപ്രിയ ഇൻറർനാഷനൽ ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
നിലവിൽ 40,000 യു.എസ് ഡോളറാണ് (ഏകദേശം 35 ലക്ഷം ഇന്ത്യൻ രൂപ) സുരക്ഷാ നടപടികൾക്കും മറ്റുമായുള്ള പ്രാരംഭ ചെലവായി വേണ്ടത്. ഇതിൽ 20,000 ഡോളർ വിദേശകാര്യമന്ത്രാലയം വഴി കഴിഞ്ഞ ദിവസം യമനിലേക്ക് കൈമാറിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ യമനിൽ നിയോഗിച്ച അഭിഭാഷകൻ മുഖേനയാണ് സാമ്പത്തിക ഇടപാടുകൾ നടക്കുക. തുക പൂർണമായും കൈമാറിക്കഴിഞ്ഞാലേ യെമനിൽ ഗോത്രതലത്തിലും ഇതുവഴി കൊല്ലപ്പെട്ടയാളിന്‍റെ കുടുംബവുമായുമുള്ള ചർച്ച നടക്കൂ. ഇവരുടെ കുടുംബം ദിയാധനം (ബ്ലഡ് മണി) സ്വീകരിച്ച് നിമിഷപ്രിയക്ക് മാപ്പു നൽകുകയാണെങ്കിൽ ഈ യുവതിയുടെ മോചനം സാധ്യമാവുമെന്ന് യമൻ സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ വ്യക്തമാക്കിയിരുന്നു.
മകളെ കാണാനും സാധ്യമെങ്കിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് മാപ്പിരന്ന് മോചനം സാധ്യമാക്കാനുമായി യമനിലേക്ക് പോയ നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി അവിടെത്തന്നെ തുടരുകയാണ്.
യമനിൽ ഏറെക്കാലമായി കഴിയുന്ന ആക്ഷൻ കൗൺസിൽ ഭാരവാഹിയും സാമൂഹികപ്രവർത്തകനുമായ സാമുവൽ ജെറോം ആണ് ഇവർക്കൊപ്പമുള്ളത്. സേവ് നിമിഷപ്രിയ ഇൻറർനാഷനൽ ആക്ഷൻ കൗൺസിലിന്‍റെ പേരിലുള്ള 00000040847370877 എന്ന കറൻറ് അക്കൗണ്ട് നമ്പറിലൂടെയാണ് (ഐ.എഫ്.എസ്.സി -SBIN0000893) തുക സമാഹരണം നടക്കുന്നത്. savenimishapriya@sbi എന്ന യു.പി.എ ഐ.ഡി വഴിയും തുക അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.